1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി സൂചന. ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും നിയമ കമ്മിഷന്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് ഉത്തരവിറക്കി. 30 ദിവസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2016 -ല്‍ ഒന്നാം മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് രൂപവത്കരിക്കുന്നതിനെപ്പറ്റി പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

22-ാമത് നിയമ കമ്മിഷനാണ് ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് വീണ്ടും നിര്‍ദേശങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. നിയമ കമ്മീഷന്‍ വെബ്‌സൈറ്റ് വഴിയോ ഇ-മെയിലിലൂടെയോ പൊതുജനങ്ങള്‍ക്കും അംഗീകൃത മത സംഘടനകള്‍ക്കും നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.

നേരത്തെ 21-ാം നിയമ കമ്മിഷന്‍ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 2018-ല്‍ പൊതുജനാഭിപ്രായംആരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് മൂന്ന് വര്‍ഷത്തിലേറെ ആയ സാഹചര്യത്തിലും വിഷയം സംബന്ധിച്ച് വിവിധ കോടതി ഉത്തരവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതെന്നാണ് നിയമ കമ്മിഷന്‍ ഉത്തരവില്‍ പറയുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്ന ആദ്യ സമ്മേളനത്തില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരാഞ്ഞുള്ള ഉത്തരവ് വന്നിരിക്കുന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.