1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2012

സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ (76) അന്തരിച്ചു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹം ഉച്ചയ്ക്ക് പന്തണ്ട് മണിയോടെയാണ് അന്തരിച്ചത്‌.. രോഗം കൂടിയതിനെ തുടര്‍ന്ന ഇന്നലെ അദ്ദേഹത്തെ ഐ സി യുവിലേക്ക് മാറ്റിയിരുന്നു.വെന്റിലേറ്ററില്‍ ആക്കിയ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.

ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന്‌ വൃക്കകള്‍ തകരാറിലായി. വ്യാഴാച രാവിലെ അദ്ദേഹത്തെ ഡയാലിസിസിന്‌ വിധേയമാക്കിയിരുന്നു. പിറവം ഉപതെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് പതിനഞ്ചിന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.സി പി ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍ എന്നിവര്‍ ആശുപത്രിയിലുണ്ട്‌.

മൂന്ന് തവണ പാര്‍ലമെന്റംഗമായിരുന്ന ചന്ദ്രപ്പന്‍ ഒരു തവണ നിയമസഭാംഗവുമായി. പുന്നപ്ര-വയലാര്‍ സമരത്തിന്റെ നായകരില്‍ പ്രമുഖനും വയലാര്‍ സ്റ്റാലിന്‍ എന്ന പേരില്‍ പ്രശസ്തനുമായിരുന്ന സി.കെ. കുമാരപ്പണിക്കരുടെ മൂന്നാമത്തെ മകനായി 1936ല്‍ വയലാറിലായിരുന്നു ജനനം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എഴുപതുകളില്‍ ഇടതുയുവജന പ്രസ്ഥാനങ്ങളിലെ ഏറ്റവും സജീവ സാന്നിധ്യമായിരുന്നു. എ.ഐ.വൈ.എഫിന്റെ അഖിലേന്ത്യാ പ്രസിന്റായിട്ടുണ്ട്. ഗോവ വിമോചന സമരം ഉള്‍പ്പടെ നിരവധി പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം, ഡെല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.

തലശ്ശേരി, കണ്ണൂര്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ലോകക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991ല്‍ ചേര്‍ത്തലയില്‍ വയലാര്‍ രവിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2011ലാണ് വെളിയം ഭാര്‍ഗവന്റെ പിന്‍ഗാമിയായി സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായത്.

കെ.ടി.ഡി.സി. ചെയര്‍മാന്‍, കേരഫെഡ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ബുലുറോയ് ചൗധരിയാണ് ഭാര്യ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.