സ്വന്തം ലേഖകൻ: ബ്രിട്ടീഷ് മന്ത്രിസഭയിൽ ഇടം നേടി ഇന്ത്യൻ വംശജയായ ക്ലെയര്‍ കോട്ടിനോ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി ഋഷി സുനക് നടത്തിയ പുനസംഘടനയിലാണ് 38 വയസുകാരിയായ ക്ലെയര്‍ കോട്ടിനോവിന് എനര്‍ജി സെക്രട്ടറി, നെറ്റ് സീറോ സെക്രട്ടറി തുടങ്ങിയ പദവികളിൽ ചുമതല ലഭിച്ചത്. ബെന്‍ വാലസ് രാജിവെച്ച് ഒഴിവിലേക്ക് ഗ്രാന്‍സ് ഷാപ്സ് പ്രതിരോധ സെക്രട്ടറിയായി ചുമതല ഏറ്റതോടെയാണ് എനർജി സെക്രട്ടറിയുടെ ഒഴിവുണ്ടായത്. പ്രധാനമന്ത്രി ഋഷി സുനക്, ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ എന്നിവരാണ് ബ്രിട്ടീഷ് മന്ത്രിസഭയിൽ ക്ലെയർ കോട്ടിനോയെ കൂടാതെ ഇന്ത്യൻ വേരുകൾ ഉള്ള കുടുബത്തിൽ ജനിച്ച മറ്റ് രണ്ട് പേർ.
മുൻപ് വിവിധ വകുപ്പുകളിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ടെങ്കിലും കാബിനറ്റില്‍ ഇതാദ്യമായാണ് കോട്ടിനോ അംഗമാകുന്നത്. ക്ലെയര്‍ കോട്ടിനോ ഗോവയില്‍ വേരുകളുള്ള ഇന്ത്യൻ വംശജയാണ്. റഷ്യന്‍ – യുക്രെയിന്‍ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത വെല്ലുവിളികളാണ് ഈ 38 കാരിയെ കാത്തിരിക്കുന്നത്. എനർജി – നെറ്റ് സീറോ സെക്രട്ടറിയായി തന്നെ നിയമിച്ചതില്‍ സന്തോഷമുണ്ടെന്നും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും നിരക്കുകള്‍ കുറയ്ക്കുന്നതിനും ശ്രമിക്കുമെന്നും ക്ലെയര്‍ കോട്ടിനോ ട്വീറ്റ് ചെയ്തു.
എൻഎച്ച്എസിൽ ജോലി ചെയ്തിരുന്ന മാതാപിതാക്കളുടെ കുടുംബത്തിൽ ജനിച്ച കോട്ടിനോ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്തായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അച്ഛൻ വിൻസ്റ്റൺ അനസ്‌തെറ്റിസ്റ്റും അമ്മ മരിയ ജനറൽ പ്രാക്ടീഷണറുമായിരുന്നു. ബ്രെക്സിറ്റ് അനുകൂലിയായ ക്ലെയര്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാത്സിലും ഫിലോസഫിയിലും മാസ്റ്റേഴ്സ് ഡിഗ്രി നേടിയിട്ടുണ്ട്. 2019 ല്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഈസ്റ്റ് സറേ മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ക്ലെയര്‍ കോട്ടിനോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല