സ്വന്തം ലേഖകൻ: യുഎഇയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ജീവനക്കാരനെതിരേ പിരിച്ചുവിടല്‍ നടപടി സ്വീകരിക്കാന്‍ എപ്പോഴൊക്കെയാണ് അധികാരമുള്ളത്? ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്ന വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം.
ജീവനക്കാരന്‍ മന്ത്രാലയത്തില്‍ നിയമാനുസൃതമായ പരാതി നല്‍കിയതിനാലോ തൊഴിലുടമയ്ക്കെതിരെ സാധുവായ നിയമപരമായ അവകാശവാദം ഉന്നയിച്ചതിനാലോ ജീവനക്കാരന്റെ സേവനം അവസാനിപ്പിക്കുന്നത് നിയമവിരുദ്ധവും ഏകപക്ഷീയവുമായി കണക്കാക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കി. അത്തരം സന്ദര്‍ഭങ്ങളില്‍, കോടതി നിര്‍ണ്ണയിക്കുന്ന ന്യായമായ തുക ജീവനക്കാരന് നഷ്ടപരിഹാരമായി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണെന്നും അധികൃതര്‍ അറിയിച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് പരിഗണിക്കേണ്ട ഏഴ് മാനദണ്ഡങ്ങള്‍ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
- ജോലിയുമായി ബന്ധപ്പെട്ട ഡാറ്റയും വിവരങ്ങളും സംബന്ധിച്ച രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിന്റെ വ്യാപ്തി.
- സ്ഥാപനത്തിലെ ജീവനക്കാരന്റെയോ മറ്റ് തൊഴിലാളികളുടെയോ ആരോഗ്യത്തിലും സുരക്ഷയിലും ലംഘനമുണ്ടാക്കുന്ന ആഘാതം.
- തൊഴിലാളിയുടെ ഭാഗത്തു നിന്നുള്ള നിയമലംഘനത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങള്‍.
- സ്ഥാപനത്തിന്റെയും അതിന്റെ ജീവനക്കാരുടെയും പ്രശസ്തിക്ക് മേല്‍ നിയമ ലംഘനം ഉണ്ടാക്കുന്ന പ്രത്യാഘാതം.
- കുറ്റക്കാരനായ ജീവനക്കാരന്റെ ഭാഗത്തു നിന്നുള്ള അധികാര ദുരുപയോഗം.
- ജീവനക്കാരന്റെ ഭാഗത്തു നിന്നുള്ള ആവര്‍ത്തിച്ചുള്ള വിവിധ ലംഘനങ്ങള്‍.
- നിയമ ലംഘനത്തിന്റെ ധാര്‍മ്മികമോ ക്രിമിനല്‍പരമോ ആയ ഗൗരവം.
ഈ കാര്യങ്ങള്‍ കണക്കിലെടുത്ത് മാത്രമേ ഒരു ജീവനക്കാരനെതിരേ നടപടി സ്വീകരിക്കാന്‍ ഉത്തരവാപ്പെട്ടര്‍ക്ക് അവകാശമുണ്ടായിരിക്കുകയുള്ളൂ. അതേസമയം, താന്‍ അന്യായമായി പിരിച്ചുവിട്ടതായി ഒരു ജീവനക്കാരന്‍ വിശ്വസിക്കുന്നുവെങ്കില്‍, പിരിച്ചുവിടലിനുള്ള കാരണങ്ങള്‍ അവലോകനം ചെയ്യാനും ജീവനക്കാരനും തൊഴിലുടമയും തമ്മില്‍ സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിക്കാനും മന്ത്രാലയത്തില്‍ ഒരു പരാതി ഫയല്‍ ചെയ്യാം.
പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതില്‍ മന്ത്രാലയം പരാജയപ്പെട്ടാല്‍, കേസ് യോഗ്യതയുള്ള കോടതിയിലേക്ക് റഫര്‍ ചെയ്യും. ജീവനക്കാരനെ അന്യായമായി പിരിച്ചുവിട്ടതായി കോടതി നിര്‍ണയിച്ചാല്‍, ജീവനക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലുടമയോട് ഉത്തരവിടാം.
ജോലിയുടെ സ്വഭാവം, പിരിച്ചുവിടല്‍ നടപടി ജീവനക്കാരന് വരുത്തിയ ദോഷത്തിന്റെ അളവ്, അവരുടെ സേവന കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് കോടതി നഷ്ടപരിഹാരം വിലയിരുത്തുന്നത്. എന്നിരുന്നാലും എല്ലാ സാഹചര്യങ്ങളിലും നഷ്ടപരിഹാര തുക ജീവനക്കാരന്റെ അവസാനത്തെ അര്‍ഹമായ ശമ്പളത്തെ അടിസ്ഥാനമാക്കി കണക്കാക്കിയ മൂന്ന് മാസത്തെ വേതനത്തേക്കാള്‍ കൂടുതലാകരുത്.
നഷ്ടപരിഹാരത്തിന് പുറമേ, സേവനാനന്തര ഗ്രാറ്റുവിറ്റി, നോട്ടീസ് കാലത്തെ നഷ്ടപരിഹാരം, തൊഴിലുടമ നല്‍കാനുള്ള കുടിശ്ശിക എന്നിവ ലഭിക്കാനുള്ള അവകാശം ജീവനക്കാരന് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല