ഇഷ്ടതാരങ്ങളുടെ സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുന്നതിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെ ആരാധകര്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിജയിന്റേയും സൂര്യയുടേയും ആരാധകരാണ് ഏറ്റുമുട്ടിയത്. പൂവാര്‍ കരിങ്കുളം സ്വദേശി സജ(20)നാണ് കുത്തേറ്റത്. ഇയാള്‍ വിജയിന്റെ ആരാധകനാണ്. കുത്തേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജയ് ചിത്രമായ വേലായുധം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച രാത്രി സജനും സംഘവും തിരുവനന്തപുരം എസ് എല്‍ തിയേറ്ററില്‍ ആരാധകരുടെ ആശംസ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് ആക്രമം ഉണ്ടായത്. ഈ സമയം തിയേറ്റര്‍ പരിസരത്ത് എത്തിയ സൂര്യയുടെ ആരാധകര്‍ സജനുമായി വാക്കേറ്റം നടത്തുകയായിരുന്നു.
ഇത് പിന്നെ ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് സജനെ സൂര്യയുടെ ആരാധകര്‍ പൊട്ടിയ കുപ്പികൊണ്ട് കുത്തുകയായിരുന്നു.ചെങ്കല്‍ചൂള സ്വദേശികളായ രണ്ട് പേരാണ് തന്നെ ആക്രമിച്ചതെന്ന് സജന്‍ പൊലീസിനെ അറിയിച്ചു. സജനും നിരവധി ക്രിമിനല്‍ക്കേസില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല