ഏഷ്യാനെറ്റില്‍ നടന്നു വരുന്ന ഡാന്‍സ് ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അടിപിടി നടക്കുന്നതായി വാര്‍ത്ത. ഒരു സിനിമാ മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഓമനത്തിങ്കള്‍ കിടാവ്, ദേവിമാഹാത്മ്യം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ പെണ്‍കുട്ടിയും അലാവുദ്ദീനിലൂടെ പ്രശസ്തനായ ആണ്‍കുട്ടിയും ചേര്‍ന്ന ജോടിയെ ആറു റൗണ്ടുവരെ എത്തിയ്ക്കാമെന്ന് ചാനല്‍ ഉറപ്പ് നല്‍കിയിരുന്നത്രേ.
ബാലനടീനടന്‍മാര്‍ എന്ന പ്രശസ്തിയാണത്രേ ഇതിന് കാരണം. എന്നാല്‍ ജൂറി അംഗങ്ങളായ നവ്യ നായര്‍ക്കും അരവിന്ദിനും ഇവരുടെ പെര്‍ഫോമന്‍സ് അത്ര ബോധിച്ചില്ല. അതുകൊണ്ടു തന്നെ നൃത്തമത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇരുവരും ഡെയ്ഞ്ചറസ് സോണിലെത്തി. ഇതു കരാര്‍ ലംഘനമാണെന്നാരോപിച്ച് പെണ്‍കുട്ടി നൃത്ത മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി.
ഈ ഒഴിവിലേയ്ക്കാണ് അമ്മക്കിളിയിലെ ബാലതാരം മുത്തശ്ശിയ്‌ക്കൊപ്പം എത്തിയത്. പെണ്‍കുട്ടിയെ ആറു റൗണ്ടു വരെ എത്തിയ്ക്കാമെന്ന വാഗ്ദാനം നല്‍കിയായിരുന്നുവത്രേ ചാനല്‍ അധികൃതര്‍ മത്സരത്തിലേയ്ക്ക് കൊണ്ടുവന്നത്.
എന്നാല്‍ പെണ്‍കുട്ടിയുടെ നൃത്തം തീരെ പോരെന്ന് ആദ്യ നൃത്തത്തിലൂടെ തന്നെ ജഡ്ജസിന് മനസ്സിലായി. എന്നാല്‍ പെണ്‍കുട്ടിയെ ആറു റൗണ്ടു വരെ എത്തിയ്ക്കണമെന്ന് ചാനല്‍ അധികൃതര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത്തരത്തില്‍ മാര്‍ക്കിട്ടാല്‍ നൃത്തം കാണുന്ന പ്രേക്ഷകര്‍ക്ക് തങ്ങളെ കുറിച്ച് മോശം അഭിപ്രായമുണ്ടാവുമെന്നായിരുന്നു ജഡ്ജസായ നവ്യയുടേയും അരവിന്ദിന്റേയും അഭിപ്രായം. ഫലമോ മൂന്നാം റൗണ്ടില്‍ പെണ്‍കുട്ടി മത്സരത്തില്‍ നിന്ന് ഔട്ടായി.
ഇക്കാര്യമറിഞ്ഞ പെണ്‍കുട്ടിയുടെ മുത്തശ്ശി അക്രമാസക്തയായി. അരവിന്ദിന് നേരെ തെറിയഭിഷേകം നടത്തിയ ശേഷമാണ് മുത്തശ്ശി അരങ്ങു വിട്ടു പോയതെന്നും മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും റിയാലിറ്റി ഷോയ്ക്കകത്തെ ‘റിയാലിറ്റി’ കണ്ട് പ്രേക്ഷകരുടെ റോളില്‍ സദസ്സില്‍ ഇരുന്നവരെല്ലാം ഞെട്ടിയത്രേ.
എന്തായാലും ഈ വാര്‍ത്ത പുറത്തു വന്നതോടെ റിയാലിറ്റി ഷോകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.ഇക്കഴിഞ്ഞ ഐഡിയ സ്റ്റാര്‍ സിങ്ങറിലെ ഗ്രാന്‍ഡ് ഫൈനല്‍ വിജയിയെ മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ അന്ന് പങ്കെടുത്ത യേശുദാസ് പെരുമാറിയത് ഏറെ വിവാദമായിരുന്നു.ഇതിനെച്ചൊല്ലിയാണ് ശരത് സ്റ്റാര്‍ സിങ്ങര്‍ വിട്ടതെന്നും സൂചനയുണ്ട്.ചാനലുകാര്‍ മുന്‍കൂട്ടി കഥയും തിരക്കഥയും നിര്‍വഹിക്കുന്ന നാടകം അഭിനയിച്ചു തീര്‍ക്കുക മാത്രമാണ് മിക്ക റിയാലിറ്റി ഷോകളിലും ജഡ്ജിമാര്‍ ചെയ്യുക.ഇതൊന്നും മനസിലാക്കാതെ ഉറക്കമിളച്ചു പരിപാടി കാണുകയും കയ്യിലെ പണം മുടക്കി എസ് എം എസ് അയക്കുകയും ചെയ്യുന്ന പാവം പ്രേക്ഷകരാണ് പമ്പര വിഡ്ഢികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല