യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ച കരാറിനെതിരെ പ്രധാനമന്ത്രി ഡേവിഡ് കാമറുണ്‍ വീറ്റോ അധികാരം ഉപയോഗിച്ചതില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അഭിപ്രായ ഭിന്നത. ഉപപ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എം പിയുമായ നിക്ക് ക്ലെഗാണ് കാമറൂണിന്റെ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ പ്രമുഖന്‍.
വ്യാഴാഴ്ച ബ്രസല്‍സില്‍ നടന്ന യൂറോപ്യന്‍ കൗണ്‍സിലില്‍ കാമറൂണ്‍ വീറ്റോ അധികാരം ഉപയോഗിച്ചതോടെ രാജ്യതാല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ബ്രിട്ടീഷ് ജനങ്ങളുടെ തൊഴില്‍ സാഹചര്യങ്ങളെയും സാമ്പത്തിക വളര്‍ച്ചയെയും ഈ തീരുമാനം ദോഷമായി ബാധിക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി ക്ലെഗ്ഗ് അനുരഞ്ജന ചര്‍ച്ചയ്‌ക്കൊരുങ്ങുന്നതായാണ് ഒടുവില്‍ കിട്ടുന്ന വിവരം. കാമറൂണും ക്ലജ്ജും തമ്മിലുണ്ടായിരിക്കുന്ന അഭിപ്രായ വ്യത്യാസം സര്‍ക്കാര്‍ സഖ്യത്തിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതിനിടയിലാണ് ഈ സംഭവം. ടോറി എം പിമാര്‍ യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്റെ പുനര്‍ധാരണ ആവശ്യപ്പെട്ടിട്ടുണ്ട്.
യൂണിയനില്‍ ഏറ്റവും ശക്തരായ ബ്രിട്ടന്‍ ഇപ്പോള്‍ മോശം അവസ്ഥയിലാണെന്നും ബ്രിട്ടീഷ് എതിര്‍പ്പ് വകവയ്ക്കാതെ മറ്റ് 26 യൂറോപ്യന്‍ രാഷ്ട്രങ്ങളും ചേര്‍ന്ന് യൂറോയെ സംരക്ഷിക്കുമെന്നും ലിബറല്‍ ഡെമോക്രാറ്റുകളെ ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ അറിയിച്ചു.അതേസമയം ബ്രിട്ടനിലെ പകുതിയില്‍ കൂടുതല്‍ ആളുകള്‍ രാജ്യം യൂറോപ്പ്യന്‍ യൂണിയനില്‍ തുടരുന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്തണമെന്ന അഭിപ്രായക്കാരാണ്.എന്തായാലും ഭരണകക്ഷിയിലെ ഈ അഭിപ്രായവ്യത്യാസം സര്‍ക്കാരിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല