യൂറോസോണിലെ സാമ്പത്തിക പ്രതിസന്ധി സ്പര്ദ്ദയിലേക്കും അതിരുകടന്ന ദേശഭക്തിയിലേക്കും നയിക്കുമെന്ന് ഉപപ്രധാനമന്ത്രി നിക്കോളാസ് ക്ലെഗ്ഗ് മുന്നറിയിപ്പ് നല്കി. പ്രതിസന്ധിക്ക് സാങ്കേതികപരമായും രാഷ്ട്രീയപരമായും മികച്ച ഒരു പരിഹാരം അസാധ്യമാണെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ക്ലജ്ജിന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്. ഇതിനിടെ യൂറോയെ സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സമയം നഷ്ടമാകുകയാണെന്ന് മുന്‍ ടോറി മന്ത്രി ലോര്‍ഡ് ലാമോന്ഡ് അറിയിച്ചിട്ടുണ്ട്.
ബെല്‍ജിയം, സ്പെയിന്, സോള്‍വേനിയ, ഇറ്റലി, അയര്‍ലന്‍ഡ്, സിപ്രസ് എന്നിവിടങ്ങളിലെ വിപണി പരിശോധിച്ചാണ് ഫിച്ച് ഈ അഭിപ്രായം പുറത്തു വിട്ടത്. തുലനാവസ്ഥയില്‍ നിന്ന് ഫ്രഞ്ച് സാമ്പത്തിക മേഖല നഷ്ടത്തിലേക്ക് കുതിക്കുന്നതായും ഫിച്ച് വിലയിരുത്തുന്നു. ഇതിനിടെ വലിയ തോതിലുള്ള കമ്മി നിലനില്‍ക്കുമ്പോഴും ബ്രിട്ടന് ക്രെഡിറ്റ് റേറ്റിംഗ് താഴ്താന്‍ ശ്രമിക്കാത്തത് ആശ്ചര്യകരമാണെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫിലന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞമാസം യൂറോപ്യന്‍ യൂണിയന് മുന്നോട്ട് വച്ച പരിഹാര കരാറിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീറ്റോ അധികാരം പ്രയോഗിച്ചതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. എന്നാല്‍ കാര്യങ്ങളെ ശാന്തതയോടെ സമീപിക്കണമെന്നാണ് ഇപ്പോള്‍ ക്ലജ്ജ് ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക സഹകരണം ഉറപ്പുവരുത്താന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല