സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ക്ലോക്ക് നിര്‍മ്മിച്ചതിന് ബോംബുണ്ടാക്കി എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബം 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. 15 മില്യണ്‍ യുഎസ് ഡോളറാണ് കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
മേയര്‍ ഇര്‍വിങ് സിറ്റിയും പോലീസ് ഉദ്യോഗസ്ഥനും മാപ്പപേക്ഷ എഴുതിത്തരണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കേണ്ടവരില്‍ സ്‌കൂള്‍ അധികൃതരും ഉള്‍പ്പെടും. നഷ്ടപരിഹാരം തന്നില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യുമെന്നും വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
നേരത്തെ ക്ലോക്കുണ്ടാക്കിയ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത നടപടി വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വരെ വിദ്യാര്‍ത്ഥിയായ അഹമ്മദ് മുഹമ്മദിന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. സ്‌കൂളിലെ സുഹൃത്തുക്കള്‍ക്ക് താന്‍ നിര്‍മ്മിച്ച ക്ലോക്ക് കാണിക്കാന്‍ പോയതായിരുന്നു അഹമ്മദ് മുഹമ്മദ്.
എന്നാല്‍, ക്ലോക്ക് ബോംബ് ആണെന്ന് തെറ്റിദ്ധരിച്ച അധ്യാപകര്‍ പോലീസില്‍ വിവരമറിയിക്കുകയും പിന്നീട് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനെതിരെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
അറസ്റ്റ് ചെയ്തതോടെ തങ്ങളുടെ കുട്ടി മാനസികമായി തളര്‍ന്നെന്നു രക്ഷിതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അമേരിക്ക വിട്ട കുടുംബം ഖത്തറില്‍ താമസമാക്കി. കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല