മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയ അഡ്വക്കേറ്റ് ജനറല്‍ കെപി ദണ്ഡപാണി പറഞ്ഞതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിലപാടാണ് എജി കോടതിയെ അറിയിച്ചത്. എജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവില്ല.
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതിയോഗത്തിലാണ് മുഖ്യമന്ത്രി എജിയെ ന്യായീകരിച്ചത്. എന്നാല്‍ എജിക്കെതിരേ ഭൂരിപക്ഷം അംഗങ്ങളും യോഗത്തില്‍ എതിര്‍പ്പു രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നായിരുന്നു ചാണ്ടിയുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിനാല്‍ ഇനി ഇക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കെഎം മാണി പറഞ്ഞത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും സുരക്ഷയുമായി ബന്ധമില്ലെന്നായിരുന്നു എജി ഹൈക്കോടതിയില്‍ പറഞ്ഞത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ക്ക് വെള്ളം താങ്ങാന്‍ കഴിയുമെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണിയുടെ വാദിച്ചു.
മുല്ലപ്പെരിയാര്‍ കേസില്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് എജി തന്നെ തിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ന് പറഞ്ഞിരുന്നു. എജി തന്നെ ഇക്കാര്യം നിഷേധിച്ചുകൊള്ളുമെന്നും മുഖ്യമന്ത്രി ദില്ലിയില്‍ അറിയിച്ചിരുന്നു.
എജിയുടെ പരാമര്‍ശം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിന് അത്തരം നിലപാടില്ലെന്നും എജി അങ്ങനെ പറഞ്ഞിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. ഞായറാഴ്ച എജി മുഖ്യമന്ത്രിയുമായി കോട്ടയത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല