സ്വന്തം ലേഖകൻ: ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ. എം. അനിരുദ്ധന്‍, സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ എന്നിവര്‍ സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക കേരള സഭാ സെഷന്‍ നടക്കും. ജൂണ്‍ പതിനൊന്നിന് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യും.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ലോക കേരളസഭ മേഖലാ സമ്മേളനത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷനാവും. ധനമന്ത്രിയും ചീഫ് സെക്രട്ടറി വി.പി. ജോയ് ഉള്‍പ്പെടെയുള്ളവരും സമ്മേളനത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി യു.എന്‍. ആസ്ഥാനം സന്ദര്‍ശിക്കും. മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റമെന്റ് മീറ്റ് ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുമായി ബന്ധപ്പെട്ട സ്പോണ്‍സര്‍ഷിപ്പ് വിവാദങ്ങള്‍ക്കും വിദേശസന്ദര്‍ശനം ധൂര്‍ത്താണെന്ന ആരോപണങ്ങള്‍ക്കും ഇടയിലാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും അമേരിക്കന്‍ സന്ദര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയൻ ഈമാസം 17-ന് ദുബായിലെത്തും. ക്യൂബയിൽനിന്നുള്ള മടക്കയാത്രയിലാണ് അദ്ദേഹം ദുബായിലെത്തുന്നത്. 18-ന് കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ദുബായ് താജ് ഹോട്ടലിലാണ് ചടങ്ങ്.
പ്രവാസി സംരംഭകർക്ക് ഒത്തുചേരാനും കേരളത്തിൽ പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ. സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയെന്നതും സെന്ററിന്റെ ലക്ഷ്യമാണ്. കേരളത്തിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കാനും ഐ.ടി. പദ്ധതികളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കാനും സെന്റർ ലക്ഷ്യമിടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല