സ്വന്തം ലേഖകൻ: വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമല്ല മുന്‍സീറ്റ് യാത്രക്കാരും സീറ്റ് ബല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഗതാഗത ലംഘനമായി റജിസ്റ്റര്‍ ചെയ്യുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമം സംബന്ധിച്ച 2007ലെ 19-ാം നമ്പര്‍ നിയമത്തിലെ 54-ാം ആര്‍ട്ടിക്കിള്‍ പ്രകാരം മോട്ടര്‍ വാഹനങ്ങളില്‍ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും നിര്‍ബന്ധമായും സീറ്റ് ബല്‍റ്റ് ധരിച്ചിരിക്കണമെന്നാണ് വ്യവസ്ഥയെന്നും അധികൃതര്‍ വ്യക്തമാക്കി.
യാത്രയ്ക്കിടെ ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബല്‍റ്റ് ധരിച്ചിട്ടില്ലെന്ന് ഗതാഗത പട്രോള്‍ ഉദ്യോഗസ്ഥരോ നിരീക്ഷണ ക്യാമറകളോ കണ്ടെത്തിയാല്‍ നിയമ ലംഘനമായി റജിസ്റ്റര്‍ ചെയ്യും. സീറ്റ് ബല്‍റ്റ് സംബന്ധിച്ച ഗതാഗത ലംഘനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തികൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വിശദമാക്കിയത്.
ഗതാഗത ലംഘന പിഴത്തുക അടയ്ക്കല്‍, മോട്ടര്‍ വാഹനങ്ങളുടെ എക്‌സിറ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍, ടാക്‌സികള്‍ക്കും ഡെലിവറി വാഹനങ്ങള്‍ക്കുമായി നിര്‍ദ്ദിഷ്ട പാത നിജപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ പുതിയ ഗതാഗത ചട്ടങ്ങള്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയാണ് സീറ്റ് ബല്‍റ്റ് ലംഘനങ്ങളെക്കുറിച്ച് കൂടുതല്‍ കൃത്യത നല്‍കിയത്.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയും സീറ്റ് ബല്‍റ്റ് ധരിക്കാത്തവരെയും കണ്ടെത്താനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് റഡാറുകളെയും റോഡുകളിലെ സിസിടിവി ക്യാമറകളെയും ബന്ധിപ്പിച്ചുള്ള ഏകീകൃത റഡാര്‍ സംവിധാനം സ്ഥാപിച്ചത്. വാഹന അപകടങ്ങള്‍ കുറയ്ക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഗതാഗത നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല