ലേലം ചെയ്യാതെ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുകവഴി യുപിഎ സര്‍ക്കാര്‍ 1.86 ലക്ഷം കോടിയുടെ അഴിമതി നടത്തിയതായി സിഎജിയുടെ പരിശോധനയില്‍ കണ്ടെത്തി. വഴിവിട്ടുള്ള ഇടപാടിലൂടെയാണ് ഇത്രയേറെ തുക പൊതുഖജനാവിന് നഷ്ടമായതെന്ന് ഇന്നലെ രാജ്യസഭയുടെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എസ്സാര്‍ പവര്‍, ഹിഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ടാറ്റാ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ തുടങ്ങി 25 കമ്പനികള്‍ക്കാണ് കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചത്.
2010-11 കാലഘട്ടത്തില്‍ രാജ്യത്തെ മൊത്തം കല്‍ക്കരിയുല്‍പാദനത്തെ ഈ അനധികൃത അനുമതി ബാധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1993 വരെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതിന് പ്രത്യേക നിബന്ധനകളോ നിയമങ്ങളോ രാജ്യത്ത് നിലവിലുണ്ടായിരുന്നില്ല. എന്നാല്‍ ’93 മുതല്‍ ഇന്റര്‍-മിനിസ്റ്റീരിയല്‍ സ്ക്രീനിംഗ് കമ്മറ്റിയുടെ ശുപാര്‍ശപ്രകാരം കല്‍ക്കരി വകുപ്പ് മന്ത്രാലയം സ്വകാര്യ കമ്പനികള്‍ക്ക് ഖാനനാനുമതി നല്‍കുകയോ മന്ത്രാലയം നേരിട്ട് ഖാനനാനുമതി കൊടുക്കുകയോ ആണ് ചെയ്തുവരുന്നത്. 2004 മുതലാണ് ലേലം മുഖേന കല്‍ക്കരിപ്പാടങ്ങള്‍ക്ക് ഖാനനാനുമതി നല്‍കാന്‍ തീരുമാനമാകുന്നത്.
കേന്ദ്രസര്‍ക്കാരാണ് ലേല നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ 2004 മുതല്‍ 2011 മാര്‍ച്ച് വരെ 194 കല്‍ക്കരിപ്പാടങ്ങളാണ് സര്‍ക്കാര്‍ അനധികൃതമായി സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ചുനല്‍കിയത്. ഇത്തരത്തില്‍ അനുവദിക്കപ്പെട്ട കല്‍ക്കരിപ്പാടങ്ങളിലൂടെ 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായിരിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കല്‍ക്കരി, ഊര്‍ജം, ദല്‍ഹി വിമാനത്താവളം എന്നിവിടങ്ങളില്‍ അഴിമതി നടത്തി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് പ്രധാന പ്രതിപക്ഷമായ ബിജെപി ആവശ്യപ്പെട്ടു. ജനങ്ങളെ കൊള്ളയടിച്ച യുപിഎ മുന്നണിക്ക് പദവിയില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ല. അന്വേഷണം സിവിസിയില്‍നിന്നും സിബിഐക്ക് കൈമാറണമെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. 2005 മുതല്‍ 2010 വരെ കല്‍ക്കരി വകുപ്പിന്റെ അധികചുമതല വഹിച്ചിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഴിമതിയില്‍ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കണമെന്ന് മറ്റൊരു ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. അതേസമയം, സിഎജിയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളി. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് ഖാനവകുപ്പ്മന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല