സ്വന്തം ലേഖകൻ: കൽക്കരി ഊർജത്തിന്റെ ജന്മദേശമാണ് യു.കെ. കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പ്പാദിപ്പിക്കാൻ തുടങ്ങിയ ആദ്യ രാജ്യവും. ഇപ്പോഴിതാ ആ ഊർജോപാദനം പൂർണമായി നിർത്തുകയും ചെയ്ത ആദ്യ സാമ്പത്തികശക്തിയായും മാറിയിരിക്കുകയാണ് യു.കെ. അതെ, വ്യാവസായിക വിപ്ലവത്തിന് നാന്ദികുറിച്ച ബ്രിട്ടനിൽ 142 വർഷം നീണ്ടുനിന്ന കൽക്കരിയുടെ യുഗം അവസാനിക്കുകയാണ്. കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന രാജ്യത്തെ അവസാന വൈദ്യുതനിലയത്തിന് തിങ്കളാഴ്ച പൂട്ടുവീണു. മധ്യ ഇംഗ്ലണ്ടിൽ 1967-ൽ പ്രവർത്തനം തുടങ്ങിയ ‘ദ റാഡ്ക്ലിഫ്-ഒൺ-സോർ’ വൈദ്യുതനിലയമാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ഹരിത ഊർജത്തിലേക്കുള്ള പ്രയാണമാണ് ഇനി ബ്രിട്ടൻ ആരംഭിക്കുന്നത്.
1882-ൽ തോമസ് ആൽവാ എഡിസൺ ലണ്ടനിൽ ആരംഭിച്ച ‘എഡിസൺ ഇലക്ട്രിക് ലൈറ്റ് സ്റ്റേഷൻ’ ആണ് ബ്രിട്ടനിലെയും ലോകത്തെയും ആദ്യത്തെ കൽക്കരി വൈദ്യുതനിലയം. വെയ്ൽസിലെ പോർട്ട് ടാൽബോട്ടിൽ പ്രവർത്തിക്കുന്ന ടാറ്റയുടെ ഉരുക്കുനിർമാണ ചൂളകൂടി തിങ്കളാഴ്ച അണയുന്നതോടെ ബ്രിട്ടന്റെ ഒന്നരനൂറ്റാണ്ട് നീണ്ടുനിന്ന വ്യവസായിക പൈതൃകത്തിന്റെ ഒരധ്യായം അടയും. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ചൂളകളിലൊന്നാണ് പോർട്ട് ടാൽബോർട്ടിലേത്. കൽക്കരിയുടെ വകഭേദങ്ങളിൽ ഒന്നായ ‘കോക്ക്’ ഉപയോഗിച്ചുപ്രവർത്തിക്കുന്ന ചൂളയ്ക്കുപകരം വൈദ്യുതച്ചൂളയാകും ഇനിയിവിടെ ഉപയോഗിക്കുക.
എത്ര ദൂരെനിന്നുവേണമെങ്കിലും കാണാവുന്ന തരത്തിലുള്ള കൂളിങ് ടവറുകൾ റാഡ്ക്ലിഫ്-ഒൺ-സോറിന്റെ മുഖമുദ്രയായിരുന്നു. യു.കെയുടെ ഊർജ സംരക്ഷണത്തിന്റെ തൂൺ എന്ന് ഈ വൈദ്യുതി നിലയത്തെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല. കൽക്കരി വ്യാവസായിക വളർച്ചയുടെ നട്ടെല്ലായിരുന്ന നാളുകളിൽ നിർമിക്കപ്പെട്ടതാണ് ഈ നിലയം. രണ്ടു മില്ല്യൺ വീടുകളും വ്യവസായ സംരംഭങ്ങളും റാഡ്ക്ലിഫ്-ഒൺ-സോറിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഊർജത്തിന്റെ ഗുണഭോക്താക്കളായി. ഇംഗ്ലണ്ടിലെ മുഴുവൻ ഈസ്റ്റ് മിഡ്ലാൻഡിനും തുല്യമായി വരുമിത്. സാമ്പത്തിക വളർച്ച ഉയർത്തുന്നതിലും ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുന്നതിലും റാഡ്ക്ലിഫ്-ഒൺ-സോർ നിർണായക പങ്കു വഹിച്ചു.
1963 ജനുവരി എട്ടിനാണ് നോട്ടിങ്ഹാംഷെയറിലുള്ള കൗണ്ടി ഹാളിൽ വൈദ്യുതനിലയത്തേക്കുറിച്ചുള്ള ജനഹിതം തേടിയത്. 1963 ഓഗസ്റ്റ് 29-ന് ഇതിന് സർക്കാർ അനുമതി നൽകി. ഇതേവർഷം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും 1967-ൽ പൂർത്തിയാക്കുകയുംചെയ്തു. ഗോഡ്ഫ്രീ റൊസാന്റ്, ജെ.ഡബ്ല്യൂ.ഗെബാറോവിക്സ് എന്നിവരായിരുന്നു ഊർജനിലയം രൂപകല്പനചെയ്തത്. സി.എസ്. ആലട്ട് ആയിരുന്നു സ്ട്രക്ചറൽ എഞ്ചിനീയർ. ബോയിലറിലും ടർബൈൻ ഹൗസുകളിലും വൈറ്റ് ക്ലാഡിംഗാണ് ഉപയോഗിച്ചത്. റൂഫ് ലൈനിന് മുകളിൽ പ്രൊജക്റ്റ് ചെയ്തിരിക്കുന്ന നാല് കോൺക്രീറ്റ് കൽക്കരി ബങ്കറുകളാണ് റാഡ്ക്ലിഫ്-ഒൺ-സോറിന് തലയെടുപ്പുകൂട്ടിയത്. 1968 ജനുവരി 31 മുതൽ കൽക്കരി ഉപയോഗിച്ചുള്ള ഊർജോത്പ്പാദനവും തുടങ്ങി.
റാഡ്ക്ലിഫ് പവർ സ്റ്റേഷനിലേക്ക് കൽക്കരിയും മറ്റ് ചരക്കുകളും റെയിൽ മാർഗം വിതരണം ചെയ്യുന്നത് അടുത്തുള്ള മിഡ്ലാൻഡ് മെയിൻ ലൈനിലെ (എംഎംഎൽ) ഒരു ശാഖ വഴിയായിരുന്നു. എംഎംഎൽ സ്ലോ ലൈനുകളിൽ നിന്ന് വടക്കോട്ട് അഭിമുഖമായി ഒരു ജംഗ്ഷൻ, വെയ്ബ്രിഡ്ജുകളുടെ രണ്ട് ട്രാക്കുകൾ, കൽക്കരി ഡിസ്ചാർജ് ഹോപ്പറുകൾ, ഒരു ഫ്ലൂ ഗ്യാസ് ഡീസൽ ഫ്യൂറൈസേഷൻ ഡിസ്ചാർജ്, ലോഡിംഗ് ഹോപ്പർ എന്നിവയാണ് റെയിൽ സൗകര്യങ്ങളിൽ ഉൾപ്പെട്ടിരുന്നത്. തെക്ക് അഭിമുഖമായി നിൽക്കുന്ന ഒരു ഫ്ലൈ ആഷ് ബങ്കറും ലോഡിംഗ് പോയിൻ്റും മുമ്പ് ഉണ്ടായിരുന്നു. ഇത് 2005-ഓടെ പൊളിച്ചുമാറ്റുകയായിരുന്നു.
യഥാർത്ഥത്തിൽ റാഡ്ക്ലിഫ് പവർ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനുള്ള കൗണ്ട് ഡൗൺ 2015-ലേ തുടങ്ങിയിരുന്നു. കാരണം കൽക്കരി വൈദ്യുതി ഉൽപ്പാദനം അവസാനിപ്പിക്കാനുള്ള പദ്ധതികൾ അന്നത്തെ സർക്കാർ ആ കാലയളവിലാണ് പ്രഖ്യാപിച്ചത്. 2024 ഒക്ടോബർ മുതൽ പവർ സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും നിർത്തലാക്കാമെന്ന് 2020-ൽത്തന്നെ തീരുമാനിക്കുകയുംചെയ്തു.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടനിൽ ആരംഭിച്ച വ്യാവസായിക വിപ്ലവത്തിന് കൽക്കരിയും കൽക്കരി ഊർജവും നൽകിയ ശക്തി ചില്ലറയല്ല. 1774-ൽ പശ്ചിമ ബംഗാളിലെ റാണിഗഞ്ച് കോൾഫീൽഡിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി സ്ഥാപിച്ചത്. ഇപ്പോൾ, കൽക്കരിയിൽനിന്നുള്ള ഊർജ്ജോത്പ്പാദനം അവസാനിപ്പിക്കുകയും ഫോസിൽ ഇന്ധനങ്ങളിൽ നിന്നുമാറി ഊർജോത്പ്പാദന മേഖലയിൽ ലോകത്തെ നയിക്കുന്ന ആദ്യത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയും ചെയ്തിരിക്കുകയാണ് യുകെ.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല