കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ പ്രത്യേക കോടതി വിസ്തരിക്കും. ഏപ്രില്‍ 8 ന് ഹാജരാകാനാണ് മന്മോഹന് സിംഗിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രമുഖ വ്യവസായിയായ കുമാര്‍ മംഗലം ബിര്‍ള, മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പരേഖ്, എന്നിവരേയും കോടതി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗൂഡാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി അഴിമതി വിരുദ്ധ നിയമ പ്രകാരമാണ് പ്രമുഖര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഒറീസയിലെ തലാബിറാ കല്‍ക്കരിപ്പാടം 2005 ല്‍ ഹിന്‍ഡാല്‍കോ കമ്പനിക്ക് മറിച്ചു നല്‍കിയതാണ് വിവാദമായതും കോടതിക്ക് മുന്നിലെത്തിയതും. മന്മോഹന് സിംഗാണ് ആ സമയത്ത് കല്‍ക്കരിയുടെ ചുമതല വഹിച്ചിരുന്നത്.
തലാബിറാ കല്‍ക്കാരി പാടങ്ങള്‍ ഹിന്‍ഡാല്‍കോ കമ്പനിക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കുമാര്‍ മംഗലം ബിര്‍ള കല്‍ക്കരി മന്ത്രാലയത്തിന് എഴുതിയ രണ്ടു കത്തുകളുകളാണ് മന്മോഹന് സിംഗിനെ വെട്ടിലാക്കിയത്.
കത്തുകളിന്മേല് എന്തു നടപടിയാണ് എടുത്തത് എന്ന് നേരത്തെ സിബിഐ മന്മോഹന് സിംഗിനോട് ആരാഞ്ഞിരുന്നു. കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുന്നതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് മന്മോഹന് സിംഗിന്റെ മൊഴിയെടുക്കാതെ തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ലെന്ന് പ്രത്യേക കോടതിയും നിരീക്ഷിച്ചിരുന്നു.
അതേസമയം ഇത്തരം വെല്ലുവിളികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും പുത്തരിയല്ലെന്നും വിചാരണക്കൊടുവില്‍ പാര്‍ട്ടിയും മന്മോഹന് സിംഗും നിരപരാധികളാണെന്ന് വെളിവാകുമെന്നും കോണ്‍ഗ്രസ് വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല