![](https://www.nrimalayalee.com/wp-content/uploads/2021/10/Coal-Shortage-Power-Crisis-India.jpeg)
സ്വന്തം ലേഖകൻ: രാജ്യത്ത് ഊര്‍ജ പ്രതിസന്ധി ശക്തമായതോടെ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. കല്‍ക്കരിയുടെ ദൗര്‍ലഭ്യമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തിന് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത് താപ വൈദ്യുത നിലയങ്ങളില്‍ നിന്നാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.
താപനിലയങ്ങളിലെ പ്രവര്‍ത്തനം നിലച്ചതോടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഊർജപ്രതിസന്ധി തലപൊക്കിത്തുടങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ 14 താപവൈദ്യുത നിലയങ്ങള്‍ കല്‍ക്കരി ദൗര്‍ലഭ്യത്തെ തുടര്‍ന്ന് അടച്ചുപൂട്ടി. ഉത്തര്‍പ്രദേശില്‍ സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ അഞ്ച് മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഡല്‍ഹി സമ്പൂര്‍ണ ബ്ലാക്ക്ഔട്ടിലേക്ക് പോകുന്ന സാഹചര്യമുണ്ട്. ഗുജറാത്തും തമിഴ്നാടും ആശങ്ക അറിയിച്ചു.
രാജ്യം നേരിടുന്ന ഊർജ പ്രതിസന്ധി സംസ്ഥാനത്തെയും ബാധിച്ചെന്നും ഇത് നേരിടാൻ പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയിൽ 1000 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൽക്കരി ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് പവർകട്ടിലേക്ക് പോകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
കേരളം ജലവൈദ്യുതിയെയാണു പ്രധാനമായും ആശ്രയിക്കുന്നതെങ്കിലും ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ കുറവു വരുമെന്നതാണു പ്രശ്നം. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവുണ്ടെങ്കിലും നിലവിൽ കാര്യമായ നിയന്ത്രണം ഇല്ല. എന്നാൽ, ഉപയോഗം വർധിച്ചാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
അതേസമയം രാജ്യത്ത് കല്‍ക്കരിക്ഷാമം കാരണം ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്ര സർക്കാർ. ഈ വിഷയത്തിൽ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ആര്‍.കെ സിങ് ആവശ്യപ്പെട്ടു. താപനിലയങ്ങളില്‍ ശരാശരി അളവില്‍ കല്‍ക്കരി ലഭ്യമാണ്. നിലവിലുള്ളത് സ്റ്റോക്ക് നാല് ദിവസത്തേക്ക് പര്യാപ്തമാണെന്നും മന്ത്രി പറഞ്ഞു. കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായി ഇക്കാര്യങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും മന്ത്രി ആരോപിച്ചു. കോണ്‍ഗ്രസിന് ഇപ്പോള്‍ ആശയദാരിദ്ര്യമാണെന്നും ആര്‍.കെ സിങ് കുറ്റപ്പെടുത്തി. ജനങ്ങളുടെ വോട്ട് കിട്ടാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഊര്‍ജ പ്രതിസന്ധി സംബന്ധിച്ച് തെറ്റായ സന്ദേശങ്ങള്‍ നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് ടാറ്റ പവര്‍ സി.ഇ.ഒ, ഗെയില്‍ എന്നിവര്‍ക്ക് താക്കീത് നല്‍കിയതായും ആര്‍കെ. സിങ് പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര വിപണിയിലെ കല്‍ക്കരി ദൗര്‍ലഭ്യവും വിലക്കയറ്റവുമാണ് പ്രതിസന്ധിക്ക് കാരണമെന്നും മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് എല്ലാം ശരിയാകുമെന്നും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പ്രതികരിച്ചു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വിലയില്‍ വലിയ കുതിപ്പുണ്ടായതിനാല്‍ ഇപ്പോഴത്തെ വൈദ്യുതി നിര്‍മാണത്തിന് ആഭ്യന്തര ഖനികളില്‍ നിന്നുള്ള കല്‍ക്കരിയാണ് ഉപയോഗിക്കുന്നതെന്നും ജോഷി പറഞ്ഞു. കനത്ത മഴ നേരിയ തോതില്‍ കല്‍ക്കരി സംഭരണത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല