1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2023

സ്വന്തം ലേഖകൻ: വനിതാസുഹൃത്തിന് വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് യാത്ര ചെയ്യാന്‍ പൈലറ്റ് അവസരമൊരുക്കിയ സംഭവത്തില്‍ എയര്‍ ഇന്ത്യ സിഇഒ, കമ്പനിയുടെ വിമാനസുരക്ഷാകാര്യ മേധാവി എന്നിവര്‍ക്ക് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസയച്ചു.

സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് യഥാസമയം അധികൃതരെ അറിയിക്കാതിരിക്കുക, അന്വേഷണത്തില്‍ കാലവിളംബം വരുത്തുക എന്നീ പിഴവുകളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഏപ്രില്‍ 21 ന് നോട്ടീസ് അയച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തെ സമയമാണ് മറുപടി നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്. മറുപടി അടിസ്ഥാനമാക്കിയാവും വിമാനക്കമ്പനിയ്ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള തുടര്‍നടപടികള്‍.

ദുബായ്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 27 നാണ് സംഭവമുണ്ടായത്. വിമാനത്തിലെതന്നെ ജീവനക്കാരിയാണ് ചട്ടലംഘനത്തെക്കുറിച്ച് ഡിജിസിഎയെ അറിയിച്ചത്. സുഹൃത്തിന് കോക്ക്പിറ്റില്‍ സൗകര്യമൊരുക്കാന്‍ തലയിണകളും ബിസിനസ് ക്ലാസ് ഭക്ഷണവും മദ്യവും പൈലറ്റ് ആവശ്യപ്പെട്ടതായി പരാതിയില്‍ പറഞ്ഞിരുന്നു.

കോക്ക്പിറ്റില്‍ യാത്ര ചെയ്തതായി പറയുന്ന വനിത ബോയിങ് 787 വിമാനത്തില്‍ ജോലി ചെയ്യുന്നതിനുള്ള പരിശീലനം നേടിയ വ്യക്തിയാണെന്നും എയര്‍ ഇന്ത്യയുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നുമാണ് സൂചനകള്‍. വിമാനത്തിന്റെ എക്കോണമി ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന അവരെ പൈലറ്റ് കോക്ക്പിറ്റിലേക്ക് ക്രൂഅംഗങ്ങളെ പറഞ്ഞുവിട്ട് വിളിപ്പിക്കുകയായിരുന്നുവെന്നും അല്‍പസമയം അവിടെ തങ്ങിയ ‘സുഹൃത്ത്’ തനിക്ക് നല്‍കിയ മദ്യം നിരസിക്കുകയും കാപ്പി മാത്രം കുടിക്കുകയും ചെയ്ത ശേഷം കോക്ക്പിറ്റില്‍ നിന്ന് സീറ്റിലേക്ക് മടങ്ങിയതായും വ്യോമയാന വൃത്തങ്ങള്‍ പറയുന്നു.

ആരോപണവിധേയനായ പൈലറ്റ് പിന്നീട് പരാതി നല്‍കിയ കാബിന്‍ ക്രൂ അംഗത്തിനോട് മോശമായി സംസാരിച്ചതായും കോക്ക്പിറ്റിലേക്ക് യാത്രക്കാരി പ്രവേശിക്കുന്നതുകണ്ട് മറ്റു ചില യാത്രക്കാര്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്. സുഹൃത്ത് കോക്ക്പിറ്റിലുണ്ടായിരുന്ന സമയത്ത് പൈലറ്റും സഹപൈലറ്റും ഇരിപ്പിടങ്ങളില്‍ നിന്ന് മാറിയതായും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

സംഭവത്തെ ഗൗരവമായി കാണുന്നതായും അന്വേഷണം നടത്തിവരികയാണെന്നും സംഭവം ഡിജിസിഎയെ അറിയിച്ചതായും എയര്‍ ഇന്ത്യ വക്താവ് നേരത്തെ പ്രതികരിച്ചിരുന്നു. വിമാനയാത്രികരുടെ സുരക്ഷാവിഷയത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യാറല്ലെന്നും പറഞ്ഞിരുന്നു.

സംഭവത്തില്‍ വിമാനത്തിലെ മുഴുവന്‍ ജീവനക്കാരെയുംഅന്വേഷണ വിധേയമായിജോലിയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എയര്‍ഇന്ത്യ അധികൃതര്‍ക്ക്ഡിജിസിഎ നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. അന്വേഷണം പൂര്‍ത്തിയാവുംവരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.

സംഭവത്തില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് പങ്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെങ്കിലും അന്വേഷണം നടക്കുന്നതിനാല്‍ എല്ലാവരെയും ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തുകയാണെന്ന് ഡി.ജി.സി.എ. വ്യക്തമാക്കുകയും ചെയ്തു. അതേസമയം സംഭവത്തില്‍ പൈലറ്റിന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുമെന്നും ഡിജിസിഎ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.