സ്വന്തം ലേഖകന്‍: സെന്‍ട്രല്‍ ലണ്ടനിലെ കോഫി പബില്‍ വന്‍ തീപിടുത്തം; മേല്‍ക്കൂര പൂര്‍ണമായും കത്തിയമര്‍ന്നു. ലണ്ടനിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള സോമേഴ്‌സ് ടൗണ്‍ കോഫി ഹൗസ് എന്ന പബില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്.
യൂസ്റ്റണ്‍, കിംഗ്‌സ് ക്രോസ്, സെന്റ് പാന്‍ക്രാസ് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ചാള്‍ട്ടണ്‍ സ്ട്രീറ്റിലാണ് പബ്. 72 അഗ്‌നിശമനസേനാംഗങ്ങളും 10 ഫയര്‍ എന്‍ജിനുകളും ചേര്‍ന്നാണ് തീയണച്ചതെന്ന് ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു.
തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വാര്‍ത്ത പരന്നയുടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങളും ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് വന്‍ അപകടം ഒഴിവാക്കി.
സംഭവത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശം മുഴുവന്‍ വലിയ പുകപടലം പടര്‍ന്നത് പരിസരവാസികളെ പരിഭ്രാന്തരാക്കി. ചിലര്‍ വീടുകളില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം പുറത്തേയ്ക്കു ഓടുകയും ചെയ്തു. തീപിടിച്ച കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സേനാംഗങ്ങള്‍ പരിശോധിക്കുന്നുണ്ട്.
തീപടരുന്ന സമയത്ത് കോഫി ഹൗസിലുണ്ടായിരുന്ന ചിലര്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് പുകയുയരുന്നത് കണ്ടയുടന്‍ പുറത്തേക്ക് ചാടിയത് വന്‍ ദുരന്തം ഒഴിവാക്കി. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കുര പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല