സ്വന്തം ലേഖകൻ: കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം മലയാളികളാണ്. കർണാടകയിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരുമാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.
ഇതുവരെ അഞ്ച് പേരുടെ പോസ്റ്റ്‍മോർട്ടം നടപടികളാണ് കഴിഞ്ഞത്. ബാക്കിയുള്ളവരുടെ പോസ്റ്റ്‍മോർട്ടം നടപടികൾ വേഗത്തിൽ തന്നെ നടത്തുന്നുണ്ട്. ഇന്ന് വൈകിട്ടോടെ തന്നെ പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരിക്കുന്നത്. മന്ത്രി വി എസ് സുനിൽകുമാറാണ് പോസ്റ്റ്‍മോർട്ടം നടപടികൾ ഏകോപിപ്പിക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത് 25 പേരാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ രണ്ട് പേരുടെയും തലയ്ക്കാണ് പരിക്ക്. മറ്റൊരാൾക്ക് നട്ടെല്ലിന് പരിക്കുണ്ട്. ഇവർക്കായി വിദഗ്‍ധ ചികിത്സ ഉറപ്പാക്കും.
മറ്റ് ആരുടെയും നില ഗുരുതരമല്ല. ഇന്ന് തന്നെ മിക്കവരും ആശുപത്രി വിട്ടേക്കും എന്നാണ് ജില്ലാ കളക്ടറും എസ്‍പിയും അടക്കമുള്ളവർ അറിയിക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം കെഎസ്ആര്‍ടിസി ധനസഹായം നല്‍കും. അടിയന്തരമായി രണ്ടു ലക്ഷം രൂപ നൽകും. ബാക്കിത്തുക പിന്നീട് നല്‍കും. മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബത്തിനു 30 ലക്ഷം രൂപവീതം നല്‍കും. കെഎസ്ആര്‍ടിസിയുടെ ഇന്‍ഷുറന്‍സ് തുകയാണ് കൈമാറുന്നതെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
അതിനിടെ, അപകടം വരുത്തിയ ലോറി ഡ്രൈവർ മലയാളിയായ ഹേമരാജിനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറി ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നു തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.
17 പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അവിനാശി, തിരുപ്പൂർ ആശുപത്രികളിലാണു പോസ്റ്റ്‌മോർട്ടം നടക്കുന്നത്. കാര്യങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രി വിഎസ് സുനില്‍കുമാര്‍ അവിനാശിയിലുണ്ട്. മൃതദേഹങ്ങൾ കൊണ്ടുവരാനായി 20 ആംബുലൻസുകൾ സംസ്ഥാന സർക്കാർ അയച്ചിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം അവിനാശിയിലുണ്ട്. വിവരങ്ങൾക്കായി 9497996977, 9497990090, 9497962891 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 9495099910 (കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ ഉബൈദ്), 7708331194 (തമിഴ്നാട് ഉദ്യോഗസ്ഥൻ അളകരസൻ) എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
മരിച്ചവരുടെ പേര് വിവരങ്ങളും, അവർ ഇരുന്ന സീറ്റ് നമ്പറും
- ഗിരീഷ് (43) – പുല്ലുവഴി, പെരുമ്പാവൂർ, എറണാകുളം – കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
- ബൈജു (37) – അറക്കുന്നം, വെളിങ്ങാടി, എറണാകുളം – കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
- ഇഗ്നി റാഫേൽ (39) – അപ്പാടൻ ഹൗസ്, ഒല്ലൂർ, തൃശ്ശൂർ (സീറ്റ് നമ്പർ 28)
- കിരൺകുമാർ (33) – s/o ബസമ്മ, തുംകൂർ. കർണാടകയിൽ സ്ഥിരതാമസമാക്കിയ മലയാളി (സീറ്റ് നമ്പർ 17)
- ഹനീഷ് (25) – തൃശ്ശൂർ – (സീറ്റ് നമ്പർ 21)
- ശിവകുമാർ (35) – മംഗലാംകുന്ന്, ഒറ്റപ്പാലം, പാലക്കാട് – (സീറ്റ് നമ്പർ 26)
- ജിസ്‍മോൻ ഷാജു (24) – കിടങ്ങൻ ഹൗസ്, തുറവൂർ, ആലപ്പുഴ (സീറ്റ് നമ്പർ 22)
- നസീഫ് മുഹമ്മദ് അലി (24) s/o മുഹമ്മദ് അലി – അണ്ടത്തോട് – തൃശ്ശൂർ (സീറ്റ് നമ്പർ 5)
- ഐശ്വര്യ (24) – ഇടപ്പള്ളി, എറണാകുളം – (സീറ്റ് നമ്പർ 1)
- ഗോപിക ഗോകുൽ (23) – തൃപ്പൂണിത്തുറ, എറണാകുളം (സീറ്റ് നമ്പർ 2)
- റോഷാന ജോൺ – ശാന്തി കോളനി, പാലക്കാട് (സീറ്റ് നമ്പർ അറിയില്ല)
- എംസി മാത്യു (W/O ജോൺ) – പാലക്കാട് (സീറ്റ് നമ്പർ 6)
- രാഗേഷ് (35) – തിരുവേഗപ്പുറ, പാലക്കാട് – (സീറ്റ് നമ്പർ 9)
- മാനസി മണികണ്ഠൻ (25) – മലയാളിയാണ്, കർണാടകയിലെ ബെൽഗാമിൽ സ്ഥിരതാമസം – (സീറ്റ് നമ്പർ 18)
- അനു കെ വി – ഇയ്യൽ, തൃശ്ശൂർ – (സീറ്റ് നമ്പർ 25)
- ജോഫി പോൾ (33) – തൃശ്ശൂർ – (സീറ്റ് നമ്പർ 11)
- ശിവശങ്കർ പി (30) – എറണാകുളം – (സീറ്റ് നമ്പർ 32)
- സനൂപ് – കാനം, പയ്യന്നൂർ – (സീറ്റ് നമ്പർ 14)
- യേശുദാസ് (30 വയസ്സ്) (സ്വദേശം വ്യക്തമല്ല)
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല