സ്വന്തം ലേഖകൻ: അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
64 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. എന്നാല്‍ എത്ര യാത്രക്കാര്‍ മരിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വിമാനം സമീപത്തെ നദിയില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.
പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്ട്രോള് ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു
2009 ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് ഏജന്‍സി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അപകടത്തില്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്ന് വാഷിങ്ടണ്‍ ഡി.സി ഫയര്‍ ചീഫ് പറഞ്ഞു. ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും എഫ്.ബി.ഐ, ആര്‍മി നീന്തല്‍ വിദഗ്ധരും ചേര്‍ന്നാണ് നദിയിലെ തിരച്ചില്‍ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല