1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2016

സ്വന്തം ലേഖകന്‍: കൊളംബിയയില്‍ സമാധാന കരാര്‍ തള്ളി ഹിതപരിശോധനാ ഫലം, വിമതരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് സര്‍ക്കാര്‍. കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്‌സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്‌സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിനെതിരെ 50.24 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ 49.8 ശതമാനം പേരാണ് അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ഹിതപരിശോധനാ ഫലം അംഗീകരിക്കുന്നതായി വ്യക്തമാക്കിയ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്, സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് അറിയിച്ചു.

കരാറിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനാണ് കൊളംബിയയില്‍ സര്‍ക്കാര്‍ ഒക്ടോബര്‍ രണ്ടിന് ഹിതപരിശോധന നടത്താന്‍ തീരുമാനിച്ചത്. ജനങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നായിരുന്നു ഭൂരിപക്ഷ വിലയിരുത്തല്‍. എന്നാല്‍, കരാറിനെ കൊളംബിയന്‍ ജനത തള്ളിക്കളയുകയായിരുന്നു.

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചക്കൊടുവില്‍ ആഗസ്റ്റ് 26നാണ് 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സര്‍ക്കാരും ഫാര്‍ക്ക് വിമതരും തമ്മില്‍ ധാരണയായത്. ചരിത്ര പ്രധാന നഗരമായ കാര്‍ട്ടജനയില്‍ വെച്ച് കൊളംബിയന്‍ പ്രസിഡന്റ് യുവാന്‍ മാന്വല്‍ സാന്രോസും ഫാര്‍ക് നേതാവ് ടിമൊചെങ്കോയും കരാറില്‍ ഒപ്പിട്ടു. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്റ് റാഉള്‍ കാസ്‌ട്രോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കരാര്‍ നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം ബാന്‍ കി മൂണ്‍ ഉറപ്പുനല്‍കി. ഫാര്‍കിനെ ഭീകരസംഘടനകളുടെ പട്ടികയില്‍നിന്ന് നീക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ചടങ്ങിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു. കരാര്‍പ്രകാരം, ഫാര്‍ക് വിമതര്‍ 180 ദിവസത്തിനകം തങ്ങളുടെ ആയുധങ്ങള്‍ യു.എന്നിന് കൈമാറണം. നിലവില്‍ കൊളംബിയയുടെ വനമേഖലകളില്‍ കഴിയുന്ന 7000ത്തോളം ഫാര്‍ക് വിമതര്‍ യു.എന്‍ നിയന്ത്രണത്തിലുള്ള നിരായുധീകരണ ക്യാംപിലേക്കു മാറും. സായുധ സംഘടനയില്‍ നിന്നു മാറി ഫാര്‍ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.

1964 ല്‍ വിമതരും സര്‍ക്കാരും തമ്മില്‍ തുടങ്ങിയ ആഭ്യന്തര യുദ്ധത്തില്‍ 10 ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സമാധാന കരാര്‍ ജനങ്ങള്‍ തള്ളിയതോടെ സമാധാന പ്രക്രിയയയും അനിശ്ചിതത്വത്തിലായി.
സര്‍ക്കാരിനെയും ലോകമെങ്ങുമുള്ള സമാധാന പ്രേമികളെയും ഞെട്ടിച്ച ഹിതപരിശോധനാ ഫലത്തെ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് ഫലത്തോടാണ് നിരീക്ഷകര്‍ താരതമ്യം ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.