
സ്വന്തം ലേഖകൻ: പരിശീലന അഭ്യാസത്തിനിടെ കൊളംബിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. അപിയായ് എയർ ബേസിൽ കൊളംബിയൻ എയർഫോഴ്സിന്‍റെ വിമാനങ്ങളാണ് പറക്കലിനിടെ ആകാശത്ത് കൂട്ടിയിടിച്ച് തകർന്നത്. ദാരുണമായ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പരിശീലന പറക്കലിനിടെയാണ് ദുരന്തമെന്ന് കൊളംബിയൻ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. രണ്ട് പൈലറ്റുമാർ അപകടത്തിൽ മരിച്ചതായി എയർഫോഴ്സ് ഔദ്യോഗിക പ്രസ്താവനയിൽ പിന്നീട് അറിയിച്ചു. പൈലറ്റുമാരുടെ മരണത്തിൽ എയർഫോഴ്‌സ് അനുശോചനവും രേഖപ്പെടുത്തി. ടി-27 ടുക്കാനോ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചപ്പോൾ പരിശീലന അഭ്യാസത്തിൽ ഉണ്ടായിരുന്ന മറ്റ് വിമാനങ്ങൾ സമീപത്ത് വട്ടമിട്ട് പറക്കുന്നത് വിഡിയോയിൽ കാണാം.
ബ്രസീലിയൻ എയർഫോഴ്സ് ആണ് ടി-27 വിമാനങ്ങൾ വികസിപ്പിച്ചെടുത്തത്. മിക്ക സൗത്ത് അമേരിക്കൻ എയർഫോഴ്സുകളും ഇതേ വിമാനം ഉപയോഗിക്കുന്നുണ്ട്. ടി- 37 എന്ന വിമാനത്തിന് പകരക്കാരനായാണ് ടി-27 എത്തിയത്. ഈജിപ്തും ഇറാഖുമാണ് ടി-27 ന്‍റെ ആദ്യ വിദേശ കയറ്റുമതി ഉപഭോക്താക്കൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല