ആഹാരം കഴിക്കുന്ന പ്ലേറ്റിന്റെ നിറം മാറ്റിയാല്‍ തടി കുറയ്ക്കാമെന്ന് കണ്ടെത്തല്‍. ആഹാരത്തിന്റെ അതേ നിറത്തിലുളള പ്ലേറ്റില്‍ ആഹാരം കഴിക്കുന്നത് കൂടുതല്‍ ആഹാരം അകത്ത് ചെല്ലാന്‍ കാരണമാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ആഹാരത്തിന്റെ നിറവും പ്ലേറ്റിന്റെ നിറവുമായി ചേര്‍ന്ന് നില്‍ക്കുമ്പോള്‍ സാധാരണ കഴിക്കുന്നതിനെക്കാള്‍ ഇരുപത് ശതമാനം വരെ അധികം ഭക്ഷണം കഴിക്കുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ വിരുദ്ധനിറത്തിലുളള പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ സാധാരണ കഴിക്കുന്നതിലും കുറച്ച് മാത്രമേ കഴിക്കുന്നുളളുവത്രെ.
പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ചുവപ്പും വെളുപ്പും നിറത്തിലുളള പ്ലേറ്റുകള്‍ നല്‍കിയാണ് പഠനം നടത്തിയത്. ഇതില്‍ പാസ്തക്കൊപ്പം ടൊമാറ്റോ സോസും ക്രീം സോസും നല്‍കി. ഭക്ഷണത്തിന്റെ നിറത്തോട് ചേര്‍ന്നിരിക്കുന്ന പ്ലേറ്റില്‍ ഭക്ഷണം കഴിച്ചവര്‍ കൂടുതല്‍ കഴിച്ചതായാണ് കണ്ടെത്തിയത്. ചുവന്ന പ്ലേറ്റില്‍ ടൊമാറ്റോ സോസും വെളള പ്ലേറ്റില്‍ ക്രീം സോസുമെടുത്ത് കഴിച്ച ആളുകള്‍ 17 മുതല്‍ 22 ശതമാനം വരെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതായി കണ്ടെത്തി.
പ്ലേറ്റും ഭക്ഷണവും ഒരേ നിറത്തിലാകുമ്പോള്‍ എത്രത്തോളം ഭക്ഷണം പ്ലേറ്റിലെടുത്തു എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് അധികമായി കഴിക്കാന്‍ കാരണമെന്ന് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ വിരുദ്ധ നിറത്തിലുളള പ്ലേറ്റില്‍ ഭക്ഷണം വെയ്ക്കുമ്പോള്‍ ഉളളതിനേക്കാള്‍ അധികമായി തോന്നുന്നത് കൊണ്ടാണ് പെട്ടന്ന് വയറ് നിറയുന്നതായി തോന്നുന്നത്. ബുഫേകളില്‍ വലിയ പ്ലേറ്റുകള്‍ എടുക്കുന്നവര്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്ന പ്രക്രീയ കാരണം ധാരാളമായി കഴിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്കിലെ കോണ്‍നെല്‍ യൂണിവേഴ്‌സിറ്റിയാണ് പ്ലേറ്റിന്റെ നിറത്തിന് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല