സ്വന്തം ലേഖകന്‍: കൊളംബിയന്‍ വിമാന ദുരന്തം, അപകടത്തില്‍പ്പെട്ട ബ്രസീല്‍ ക്ലബ്ബിന് ചാമ്പ്യന്‍പട്ടം സമ്മാനിച്ച് എതിരാളികള്‍. ദുരന്തത്തില്‍ കളിക്കാരെ നഷ്ടപ്പെട്ട ടീമിനോടുള്ള ആദര സൂചകമായി ചാമ്പ്യന്‍പട്ടം ഷപ്പെകൊയിന്‍സ് ക്ലബ്ബിന് സമ്മാനിക്കുമെന്ന് എതിരാളികളായ കൊളംബിയന്‍ ക്ലബ്ബ് അത്‌ലറ്റിക്കോ നാഷണലിന്റെ മാനേജര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്‌ളബ്ബ് ഷപ്പെകൊയിന്‍സിലെ കളിക്കാര്‍ ഉള്‍പ്പെടെ ഏകദേശം എണ്‍പതിലധികം യാത്രക്കാരും ആറ് ജോലിക്കാരും ഉള്‍പ്പെട്ട വിമാനം തകര്‍ന്നത്. സംഭവത്തില്‍ 75 പേര്‍ മരണമടഞ്ഞതായിട്ടാണ് വിവരം. കോപ്പ സുഡാമെരിക്കാന മത്സരത്തിന്റെ ആദ്യപാദ ഫൈനല്‍ മത്സരം കളിക്കാനായി പോയ ടീമാണ് അപകടത്തില്‍ പെട്ടത്.
അതേസമയം ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെട്ട വിമാനദുരന്തത്തില്‍ നിര്‍ണ്ണായക തെളിവായി മാറിയേക്കാവുന്ന വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ രീതിയില്‍ കേടുപാടുകള്‍ കൂടാതെയാണ് ബ്‌ളാക്ക് ബോക്‌സ് കണ്ടെത്തിയത്. കൊളംബിയന്‍ വ്യോമയാന വിഭാഗം ബ്‌ളാക്ക്‌ബോക്‌സ് ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു.
അതേസമയം ശക്തമായ കാറ്റായിരിക്കാം അപകട കാരണമെന്ന വാദം കാലാവസ്ഥാ നിരീക്ഷണ വിഭാഗം തള്ളിയിട്ടുണ്ട്. അപകടത്തില്‍ ഏതാനും ചില കളിക്കാര്‍ മാത്രമായിരുന്നു രക്ഷപ്പെട്ടത്. ടീം അംഗങ്ങള്‍ക്ക് പുറമേ ഒഫീഷ്യലുകളും മാധ്യമപ്രവര്‍ത്തകരും വിമാനത്തില്‍ ഉണ്ടായിരുന്നു. അപകട കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് കൊളംബിയന്‍ വിമാനത്താവള അധികൃതര്‍. മെസ്സി, നെയ്മര്‍, റൂണി, ഇതിഹാസതാരങ്ങളായ പെലെ, മറഡോണ എന്നിവരെല്ലാം നടുക്കം രേഖപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല