1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2025

സ്വന്തം ലേഖകൻ: യുഎസില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് യു.എസിലേക്ക് പോകാനുള്ള അടിയന്തര വിസ ലഭിച്ചു. കുടുംബം വെള്ളിയാഴ്ച തന്നെ യു.എസിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

യു.എസിലെ കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാലാവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിന്ദേ, ഫെബ്രുവരിയി 14-നുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രാത്രി ഏഴുമണിയോടെ റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന വാഹനം നിലത്തെ ഇടിച്ചിട്ട് പോകുകയായിരുന്നു. സംഭവത്തില്‍ ലോറന്‍സ് ഗല്ലോ (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ തലക്കുള്‍പ്പടെ ഗുരുതരമായ പരിക്കേറ്റ നിലം ഷിന്ദേ കോമയിൽ തുടരുകയാണ്.

അപകടമുണ്ടായി 48 മണിക്കൂറിനുളളില്‍ നിലത്തിന്റെ കുടുംബം വിസക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ വിസാ നടപടികള്‍ക്കായുളള അഭിമുഖത്തിനുളള സമയം 2026-ലേക്കാണ് ലഭിച്ചത്. തുടര്‍ന്ന് എന്‍.സി.പി നേതാവ് സുപ്രിയ സുളെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. നിലത്തിന്റെ രക്തബന്ധത്തിലുളളവര്‍ യു.എസ്സില്‍ ഇല്ലാത്തതിനാല്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടികളും വൈകുന്ന സാഹചര്യമാണെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം യു.എസ് വിസക്കായുള്ള അഭിമുഖം ഉടന്‍ നടക്കുമെന്ന് എംബസിയില്‍ നിന്ന് വിവരം ലഭിച്ചതായി കുടുബം വ്യാഴാഴ്ച അറിയിച്ചിരുന്നു. ഫെബ്രുവരി 14 ന് കലിഫോര്‍ണിയയിലെ സാക്രമെന്റോയിലാണ് അപകടം നടന്നത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയി. തലയിലും കൈകാലുകളിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.

മാസ്റ്റര്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥിനിയായ ഷിന്ദേ കഴിഞ്ഞ നാല് വര്‍ഷമായി യുഎസിലാണ്. അപകടവിവരം അറിഞ്ഞതു മുതല്‍ അടിയന്തര വിസയ്ക്കായി കുടുംബം ശ്രമിച്ചുക്കുന്നുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.