ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ കമലേശ് ശര്‍മയെ രണ്ടാം വട്ടവും കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. നിലവില്‍ സെക്രട്ടറി ജനറല്‍ പദം വഹിക്കുന്ന കമലേശിന്റെ രണ്ടാമൂഴം അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ നാലുവര്‍ഷത്തേക്കാണ്. ഇന്നലെ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ ഇന്ത്യയാണു ശര്‍മയുടെ പേരു നിര്‍ദേശിച്ചത്. പാക്കിസ്ഥാന്‍ പിന്താങ്ങി. രക്ഷാസമിതിയില്‍ താത്കാലിക അംഗത്വത്തിനുള്ള പാക്കിസ്ഥാന്റെ അപേക്ഷയെ ഇന്ത്യ ഈയിടെ പിന്താങ്ങിയതിനു പ്രത്യുപകരമാണിതെന്നു കരുതപ്പെടുന്നു.
നേരത്തെ ബ്രിട്ടനിലെ യുഎന്‍ ഹൈക്കമ്മീഷണറായും ന്യൂയോര്‍ക്കില്‍ യുഎന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായും ശര്‍മ സേവനം അനുഷ്ഠിച്ചു.ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ചെറുരാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക, മന്ത്രിതല കര്‍മ സംഘത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങളില്‍ തീരുമാനമെടുത്ത് കോമണ്‍വെല്‍ത്ത് ഉച്ചകോടി ഞായറാഴ്ച്ച സമാപിച്ചു.
മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിന് കമ്മീഷണറെ നിയമിക്കണമെന്ന നിര്‍ദേശം കോമണ്‍വെല്‍ത്ത് ശനിയാഴ്ച തന്നെ വേണ്ടെന്നു വെച്ചിരുന്നു. മനുഷ്യാവകാശ പ്രശ്‌നങ്ങളിലിടപെടാന്‍ ഐക്യരാഷ്ട്ര സഭ ഉണ്ടെന്നും കമ്മീഷണറുടെ നിയമനം യു. എന്നിന്റെ പ്രവര്‍ത്തനത്തിന് ആവര്‍ത്തന സ്വഭാവം ഉണ്ടാക്കുക മാത്രമാവും ചെയ്യുകയെന്നും പറഞ്ഞ് ഇന്ത്യ ഈ നിര്‍ദേശം തള്ളി.
ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയായിരുന്നു ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധി. ഭീകരതയ്‌ക്കെതിരെയും കടല്‍ക്കൊള്ളയ്‌ക്കെതിരെയും പോരാടാന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉച്ചകോടി വ്യക്തമാക്കി. തീരരാജ്യങ്ങളിലെ സുരക്ഷ ശക്തമാക്കി കടല്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ ഉച്ചകോടി അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല