1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2025

സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്‌സൈറ്റ് തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും.

നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇനി മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തരാഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് യുസിസി നടപ്പാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.സി.സി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. യുണിഫോം സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാര്‍ച്ച് 12 ന് വിജ്ഞാപനം ചെയ്യുകയായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്.

ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.