സ്വന്തം ലേഖകൻ: 2022 കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ സങ്കേത് സാഗറാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയത്. 55 കിലോഗ്രാം വിഭാഗത്തില്‍ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് സാഗര്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്.
പരുക്കിനോട് പടവെട്ടിയാണ് സങ്കേത് സാഗർ രാജ്യത്തിനായി മെഡല്‍ നേടിയത്. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ഒരുപക്ഷേ പരിക്ക് വില്ലനായില്ലെങ്കില്‍ ഇന്ത്യയുടെ ആദ്യ നേട്ടം സ്വര്‍ണത്തിലെത്തിയേനെ.
ആകെ മൊത്തം 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ആണ് ഈയിനത്തില്‍ സ്വര്‍ണം നേടിയത്. ഇന്ത്യയയുടെ മെഡല്‍ പ്രതീക്ഷയായ മീരാഭായി ചനുവും ഇന്നിറങ്ങും.
കോമൺവെൽത്ത് ഗെയിംസിൽ തകർപ്പൻ തുടക്കത്തോടെ ഇന്ത്യയുടെ പ്രായം കുറഞ്ഞ അത്‌ലറ്റായ സ്‌ക്വാഷ് താരം അനാഹത് സിംഗ്. വനിതാ സിംഗിൾസ് മത്സരത്തിന്റെ ഒന്നാം റൗണ്ടിൽ 11-5, 11-2, 11-0 എന്ന സ്‌കോറോടെയാണ് 14 കാരി മത്സരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുത്തത്.
ആദ്യ റൗണ്ടിലെ വിജയത്തിൽ സന്തോഷവതിയാണെന്ന് അനാഹത് സിംഗ് പറഞ്ഞു. ആദ്യത്തെ സീനിയർ ടൂർണമെന്റാണിതെന്നും കളി എങ്ങനെ ആയിരിക്കുമെന്നതിൽ നേരിയ ആശങ്കയുമുണ്ടായിരുന്നതായി സിംഗ് വ്യക്തമാക്കി. എന്നാൽ ടൂർണമെന്റ് ആരംഭിച്ചതിനു ശേഷം ആത്മവിശ്വാസം വർദ്ധിച്ചെന്നും വ്യക്തമാക്കി.
സിംഗ് മിടുക്കിയാണെന്നും മികച്ച റാക്കറ്റ് പ്രകടനം കാഴ്ച വെയ്‌ക്കാനായെന്ന് സ്‌ക്വാഷ് താരത്തിന്റെ കോച്ചായ ക്രിസ് വോക്കർ പറഞ്ഞു. ഇത്ര ചെറു പ്രായത്തിലും പക്വതയോടെയാണ് കളിക്കുന്നതെന്നും കൂട്ടിച്ചേർത്തു.2022 ലെ ഏഷ്യൻ ജൂനിയർ സ്‌ക്വാഷിലെയും ജർമ്മൻ ഓപ്പണിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അണ്ടർ 15 ലെവലിലെ മികച്ച പ്രകടനത്തെ തുടർന്നാണ് അനാഹത് ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല