സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാനമുയര്‍ത്തി ബാഡ്മിന്റണ്‍ താരം പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയാണ് സിന്ധു അഭിമാനമായത്. ഫൈനലില്‍ കാനഡയുടെ മിഷെല്ലെ ലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.
നേരിട്ടുളള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15, 21-13 കോമണ്‍വെല്‍ത്ത് ഗെയിംസിലെ താരത്തിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014-ല്‍ വെങ്കലവും 2018-ല്‍ വെളളിയും നേടിയിരുന്നു. രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവെച്ചത്. ആദ്യ ഗെയിം 21-15 നും രണ്ടാം ഗെയിം 21-13 നുമാണ് നേടിയത്.
മുന്‍ ലോക ചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവുമായ സിന്ധു കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലാണ് നേടിയത്. 2018 ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി നേടിയിരുന്നു. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ സിന്ധു 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. ഇത്തവണ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് താരത്തിന്റെ സമ്പാദ്യം. മിക്‌സഡ് ടീം ഇത്തില്‍ സിന്ധു നേരത്തേ വെള്ളി നേടിയിരുന്നു.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ കുതിപ്പ് തുടരുന്നു. ട്രിപ്പിൾ ജമ്പിൽ മലയാളി താരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി. എൽദോസ് പോൾ സ്വർണവും അബ്‌ദുള്ള അബൂബക്കർ വെള്ളിയും നേടി.പുരുഷന്മാരുടെ ബോക്‌സിംഗിൽ അമിത് പാംഘൽ സ്വർണം നേടി. 51 കിലോ വിഭാഗത്തിലാണ് പാംഘലിന്റെ നേട്ടം. ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെയാണ് അമിത് പരാജയപ്പെടുത്തിയത്.
വനിത ബോക്‌സിംഗില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5-0 നാണ് നിതു പരാജയപ്പെടുത്തിയത്. ഹോക്കിയിൽ വനിത ടീം വെങ്കല മെഡൽ നേടി. ന്യൂസിലാന്റിനെ ഫെെനലിൽ തോൽപ്പിച്ചാണ് മെഡൽ നേട്ടം. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചു. ഓസ്‌ട്രേലിയയോട് സെമിയിൽ തോറ്റതിന് പിന്നാലെയാണ് വെങ്കല മെഡലിനുള്ള മത്സരത്തിന് ഇന്ത്യ ഇറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല