പ്രസവതീയതി കഴിഞ്ഞ് എട്ടുദിവസങ്ങള്‍ക്കു ശേഷവും അഡ്മിറ്റ് ചെയ്യുവാനോ തക്ക ചികില്‍സ നല്‍കുവാനോ NHS അധികൃതര്‍ തയ്യാറാകാത്തതിനാല്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു ഉദരത്തില്‍ മരിച്ചു.ഹേവാര്‍ഡ്‌സ് ഹീത്തില്‍ താമസിക്കുന്ന പത്തനംതിട്ട കോന്നി സ്വദേശികളായ വട്ടപ്പാറ ഷിജു-ലലിയ ദമ്പതികളുടെ കുട്ടിയാണ് മതിയായ വൈദ്യസഹായം ലഭ്യമാകാത്തതിനെത്തുടര്‍ന്ന് ഗര്‍ഭാവസ്ഥയില്‍ മരണമടഞ്ഞത്.പ്രിന്‍സ്‌റോയല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഒന്‍പതു മാസം ഈ ദമ്പതികള്‍ കാത്തു സൂക്ഷിച്ച സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത് .
ജൂണ്‍ 27 ന് മിഡ്‌വൈഫിനെക്കണ്ട് ആവശ്യമെങ്കില്‍ ഓപ്പറേഷന്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന്റെ ആവശ്യമില്ലെന്ന് മിഡ്‌വൈഫ് അറിയിക്കുകയായിരുന്നു. ലലിയയുടെ പ്രസവതീയതി കഴിഞ്ഞ് എട്ടുദിവസങ്ങള്‍ക്കുശേഷം ഇവര്‍ സ്വമേധയാ ആശുപത്രിയില്‍ എത്തുകയായിരുന്നു. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 30 നു ദമ്പതികള്‍ ആശുപത്രിയില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ആംബുലന്‍സ് വിടാന്‍ അധികൃതര്‍ തയ്യാറായില്ല. കിടക്കകള്‍ ഒഴിവില്ലെന്നും മതിയായ ജീവനക്കാരില്ലെന്നും ഇവര്‍ ദമ്പതികളെ അറിയിച്ചു.
എന്നാല്‍ പ്രസവവേദന കലശലായതോടെ ടാക്‌സി പിടിച്ച് ആശുപത്രിയിലെത്തുകയായിരുന്നു. ഒരുമണിക്കൂര്‍ പിന്നിട്ടിട്ടും ലലിയയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ കൂട്ടാക്കിയില്ല. കുട്ടിയ്ക്ക് അനക്കമില്ലെന്ന് പറഞ്ഞ് ലലിയ കേണപേക്ഷിച്ചപ്പോള്‍ മിഡ്‌വൈഫ് എത്തി പരിശോധിക്കുക മാത്രമാണ് ചെയ്തത്. ഗര്‍ഭാവസ്ഥയില്‍ത്തന്നെ കുട്ടി മരണമടഞ്ഞതായി അല്പസമയത്തിനുശേഷം അറിയിക്കുകയും ചെയ്തു.
ഈ ദാരുണസംഭവത്തെത്തുടര്‍ന്ന് എ്ന്‍എച്ച്എസിനും ലോക്കല്‍ എംപിക്കും മലയാളികള്‍ പരാതി നല്കി.ഹേവാര്‍ഡ്‌സ് ഹീത്തിലെ മലയാളികളെ ഒന്നടങ്കം സങ്കടത്തിലാക്കിയ സംഭവമായിരുന്നു കുട്ടിയുടെ മരണവും ഈദമ്പതികള്‍ നേരിട്ട കടുത്ത മാനസീകബുദ്ധിമുട്ടും. ഇതേത്തുടര്‍ന്നാണ് മലയാളിസമൂഹം ഉണര്‍ന്നതും എന്‍എച്ച്എസിനെതിരേ പരാതിയുമായി നീങ്ങുന്നതും.വെസ്റ്റ്‌സസെക്‌സിലെ പ്രശസ്തമായ ഈ ആശുപത്രിയില്‍ നിരവധി മലയാളികള്‍ ജോലിചെയ്യുന്നുണ്ട്.ഏതായാലും ഇനിയൊരാള്‍ക്കും ഇത്തരം അവസ്ഥയുണ്ടാകരുതെന്ന ദൃഢനിശ്ചയംമൂലമാണ് പരാതിയുമായി മുന്നോട്ടുപോകുന്നതെന്ന് മലയാളിസമൂഹം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല