സ്വന്തം ലേഖകൻ: വിമാനം വൈകുമ്പോള്‍ യാത്രക്കാർക്ക് സൗകര്യം ഒരുക്കിനല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി. വിമാനക്കമ്പനികള്‍ കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സേവനങ്ങള്‍ നല്‍കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
രണ്ട് മണിക്കൂര്‍ വരെ വിമാനം വൈകുകയാണെങ്കില്‍ എയര്‍ലൈനുകള്‍ യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കണം. രണ്ട് മുതല്‍ നാലുമണിക്കൂര്‍ വരെ വൈകുകയാണെങ്കില്‍ ചായയോ കോഫിയോ നല്‍കണം. ഇതോടൊപ്പം സ്‌നാക്‌സോ അല്ലെങ്കില്‍ മറ്റു ലഘുഭക്ഷണമോ യാത്രക്കാര്‍ക്ക് കൊടുക്കണം. നാലു മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകുകയാണെങ്കില്‍ സമൃദ്ധമായ ഭക്ഷണവും നല്‍കണം.
ശൈത്യകാലത്ത് വിമാന സര്‍വീസുകള്‍ വൈകുന്നത് തുടര്‍സംഭവമാകുന്ന സാഹചര്യത്തിലാണ് ഡിജിസിഎയുടെ നിര്‍ദേശം വന്നിരിക്കുന്നത്. ദീര്‍ഘമായ കാത്തിരിപ്പ് സമയങ്ങളില്‍ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥയോ സാങ്കേതിക പ്രശ്‌നങ്ങളോ കാരണം വിമാനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കാനും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിട്ടുണ്ട്. വീണ്ടും വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയുന്ന റീ-ബോര്‍ഡിംഗ് സംവിധാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല