1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2024

സ്വന്തം ലേഖകൻ: രാജ്യത്തെ തന്നെ നടുക്കിയ 50 പേർ മരിക്കാനിടയായ കുവൈത്തിലെ മം​ഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേർ കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

കസ്റ്റഡിയിലിടുത്തവരിൽ മൂന്ന് ഇന്ത്യക്കാർ, ഒരു കുവൈത്ത് സ്വദേശി, നാല് ഈജിപ്റ്റ് പൌരന്‍മാര്‍ എന്നിങ്ങനെയാണുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ മേൽ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ കോടതി ചുമത്തി. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു മം​ഗഫിലെ തൊഴിലാളി ക്യാമ്പിൽ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ 50 പേർ മരിച്ചു. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കുവൈത്ത് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജോലി കഴിഞ്ഞ് തൊഴിലാളികൾ ഉറങ്ങുന്ന സമയത്താണ് തീപിടിത്തം ഉണ്ടായത്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലായതായി കുവൈത്ത് വാർത്താ ഏജൻസി അറിയിച്ചിരുന്നു. ഒരു കുവൈത്ത് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ചട്ട ലംഘനങ്ങളുടെ പേരിലായിരുന്നു നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.