1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2024

സ്വന്തം ലേഖകൻ: വലിയ തയ്യാറെടുപ്പുകളോടെയാകും നാം പലപ്പോഴും യാത്രകള്‍ക്കിറങ്ങാറ്. ബാഗ് പാക്ക് ചെയ്ത് ഇറങ്ങാന്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ നമ്മുടെ ഫ്‌ളൈറ്റ് ദീര്‍ഘ സമയത്തേക്ക് വൈകുന്നതായോ കാന്‍സല്‍ ചെയ്തതയോ ഉള്ള അറിയിപ്പ് വരിക. യാത്രയുടെ ആഹ്ളാദങ്ങളെല്ലാം ഇല്ലാതാകുമെന്ന് മാത്രമല്ല ദുരിതയാത്രയായി മാറുകയും ചെയ്യും.

ചിലപ്പോള്‍ യാത്ര തന്നെ വേണ്ടെന്ന് വെക്കേണ്ടിയും വന്നേക്കാം. ഇതിലൂടെ സാമ്പത്തികമായും അല്ലാതെയും വരുന്ന നഷ്ടങ്ങള്‍ പലപ്പോഴും വലിയതായിരിക്കും. ഇവിടെയാണ് താരതമ്യേനെ തുച്ചമായ കാശിന് നാമെടുക്കുന്ന ട്രാവല്‍ ഇന്‍ഷൂറന്‍സുകള്‍ രക്ഷക്കെയ്ത്തുക.

വിമാന സര്‍വീസുകള്‍ വൈകുന്നതും കാന്‍സല്‍ ചെയ്യുന്നതും ഇന്ന് വളരെ വ്യാപകമായിട്ടുള്ള കാര്യമാണ്. ഓരോ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോഴും ഇത്തരം സാധ്യതകള്‍ കൂടെ യാത്രികര്‍ ഓര്‍ക്കണം. ഈ സാഹചര്യത്തില്‍ യാത്ര തുടരാന്‍ തന്നെ തീരുമാനിച്ചാല്‍ അതിന് പലരീതിയിലുള്ള അധിക ചെലവുകള്‍ ഉണ്ടാകും.

പുതിയ വിമാനടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ് അങ്ങനെ പലതും. പല ട്രാവല്‍ ഇന്‍ഷൂറന്‍സുകളും യാത്രയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം ചെലവുകള്‍ കവര്‍ ചെയ്യാറുണ്ട്. ചില മികച്ച ട്രാവല്‍ ഇന്‍ഷൂറന്‍സ് പ്ലാനുകളില്‍ നിങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള നഷ്ടപരിഹാരവും ലഭിക്കും.

യാത്രക്കായി നിങ്ങള്‍ ഒരു ഹോട്ടലോ ഒരു ടൂര്‍ പാക്കേജോ ബുക്ക് ചെയ്‌തെന്ന് കരുതുക. ഇത് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരിച്ചുകിട്ടാത്ത വ്യവസ്ഥയിലുള്ളതാണെന്നും കരുതുക. ഫ്‌ളൈറ്റ് കാന്‍സല്‍ ആയി നിങ്ങള്‍ക്ക് ഈ ബുക്കിങ് ഒഴിവാക്കേണ്ടി വന്നാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് വഴി ഈ ബുക്കിങ് തുക റീഇംബേഴ്‌സ് ചെയ്യാനാകും.

മിക്ക ട്രാവല്‍ ഇന്‍ഷൂറന്‍സുകള്‍ക്കും 24 മണിക്കൂര്‍ അടിയന്തിര അസിസ്റ്റന്‍സ് സംവിധാനമുണ്ട്. ഫ്‌ളൈറ്റ് കാന്‍സലായി നിങ്ങളൊരു വിദേശ നഗരത്തില്‍ കുടുങ്ങിയെന്ന് കരുതുക. ഈ സംവിധാനത്തില്‍ വിളിച്ചാല്‍ അവിടെ താമസ സൗകര്യം കണ്ടെത്താനും ഭക്ഷണം കഴിക്കാനും വേറെ യാത്രാമാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള സൗജന്യമായ സഹായം ലഭിക്കും.

ഇന്‍ഷുറന്‍സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ ആവശ്യത്തിന് കവറേജ് ലിമിറ്റ് ഉള്ളത് തിരഞ്ഞെടുക്കുക. യാത്രയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളില്‍ സഹായം ലഭിക്കുന്ന വ്യവസ്ഥകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. വിമാനയാത്ര തടസപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ഇന്‍ഷുറന്ന്‍സ് കമ്പനികള്‍ നിബന്ധനകള്‍ വെക്കാറുണ്ട്.

ഇവയെല്ലാം കൃത്യമായി വായിച്ച് മനസ്സിലാക്കി എന്തൊക്കെയാണ് അതില്‍ ഉള്‍പ്പെട്ടത്, ഉള്‍പ്പെടാത്തത് എന്ന് മനസ്സിലാക്കുക. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനുള്ള നടപടിക്രമങ്ങളെ കുറിച്ച് കൃത്യമായി പഠിക്കുക. ലഘുവായ ക്ലെയിം പ്രോസസുള്ള ഇന്‍ഷുറന്‍സുകള്‍ തിരഞ്ഞെടുക്കുക. ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥരുമായി ആവശ്യമായ കോണ്‍ടാക്ടുകള്‍ സൂക്ഷിക്കുക.

ചില പാക്കേജുകളുടെ ഭാഗമായി സൗജന്യ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാണ്. അതോടൊപ്പം ഐ.ആര്‍.സി.ടി.സി ഉള്‍പ്പടെയുള്ള കമ്പനികളും സൗജന്യ ഇന്‍ഷുറന്‍സുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം ഇന്‍ഷൂറന്‍സുകളില്‍ വിമാനയാത്ര തടസപ്പെട്ടാലുള്ള സഹായങ്ങള്‍ ലഭ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങള്‍ മറ്റൊരു ഇന്‍ഷുറന്‍സ് കൂടെ എടുക്കുന്നതാണ് നല്ലത്.

ഒരു യാത്രയുടെ ചെലവിന്റെ വെറും അഞ്ച് ശതമാനമോ അതില്‍ താഴെയോ വരുന്ന പണം മാത്രമാണ് ട്രാവല്‍ ഇന്‍ഷുറന്‍സിനായി മുടക്കേണ്ടി വരികയെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. മാത്രമല്ല, ഏതെങ്കിലും നഷ്ടങ്ങളിലുണ്ടാവുന്ന റീഇംബേഴ്സ്മെന്റ് എന്നതിനപ്പുറം വലിയ സാധ്യതകള്‍ ഇത്തരം ഇന്‍ഷുറന്‍സുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

യാത്രക്കിടെ അപ്രതീക്ഷിതമായ അപകടങ്ങളോ മറ്റോ ഉണ്ടായാല്‍ യാത്രികനെ അവിടെ നിന്നും രക്ഷപ്പെടുത്താനുള്ള എമര്‍ജന്‍സി ഇവാക്വേഷന്‍ എന്ന സാധ്യത പല കമ്പനികളും ഇന്‍ഷുറന്‍സിന്റെ ഭാഗമായി നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഭാഷ പരിഭാഷപ്പെടുത്താനുള്ള സഹായം, നഷ്ടപ്പെട്ട ലഗേജുകള്‍ കണ്ടെത്താനുള്ള സഹായം എന്നിവയും പല ഇന്‍ഷുറന്‍സ് കമ്പനികളും നല്‍കുന്നു.

അതിനാല്‍ ഇന്‍ഷുറന്‍സിന് മുടക്കുന്ന തുക ഒരു പാഴ്‌ചെലവായി കാണേണ്ടതില്ല. യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും ആയാസരഹിതവുമാക്കി മാറ്റാന്‍ ട്രാവല്‍ ഇന്‍ഷുറന്‍സുകള്‍ നിര്‍ബന്ധമായും എടുക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.