സ്വന്തം ലേഖകന്‍: യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവിന്റെ കുടുംബത്തിന് 60 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഒട്ടകത്തെ കാറിടിച്ചുണ്ടാക്കിയ അപകടത്തില്‍ മരിച്ച മലപ്പുറം ഒഴൂര്‍ സ്വദേശി അബ്ദുല്‍ ഹമീദി (38) ന്റെ കുടുംബത്തിനു 3.5 ലക്ഷം ദിര്‍ഹം (60 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാനാണ് അബുദാബി അപ്പീല്‍ കോടതി വിധിച്ചത്.
2013 മേയ് ആറിന് അബുദാബി ബനിയാസിലുണ്ടായ അപകടത്തിലാണ് അബ്ദുള്‍ ഹമീദ് കൊല്ലപ്പെട്ടത്. അബുദാബിയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന അബ്ദുല്‍ ഹമീദ് സ്ഥാപനത്തിലെ ഡ്രൈവറോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായത്. കേസില്‍ ഡ്രൈവര്‍ക്ക് പിഴയും രണ്ടരലക്ഷം ദിര്‍ഹം ദയാധനവും ട്രാഫിക് കോടതി ശിക്ഷ വിധിച്ചു. എന്നാല്‍ ദയാധനം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി വിസമ്മതിച്ചു.
തുടര്‍ന്ന് അബ്ദുല്‍ ഹമീദിന്റെ പിതാവ് അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖാന്തരം കോടതിയെ സമീപിക്കുകയായിരുന്നു.
ദയാധനമടക്കം 4.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത കേസ് അബുദാബി പ്രാഥമിക കോടതി തള്ളി. പിന്നീട് അപ്പീല്‍ കോടതിയെ സമീപിച്ചപ്പോള്‍ 3.5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതു തള്ളിയ സുപ്രീം കോടതി, 3.5 ലക്ഷം ദിര്‍ഹവും കോടതിച്ചെലവും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല