1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2025

സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളി ജോലിയിൽ ഹാജരാകാതിരുന്നാൽ, സ്പോൺസർക്ക് ചെലവായ തുക രണ്ടാഴ്ചയ്ക്കകം തിരിച്ചു നൽകണമെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വിദേശങ്ങളിൽ നിന്നു റിക്രൂട്ടിങ് ഏജൻസികൾ വഴി നിയമനം ലഭിച്ചവർ ജോലി ചെയ്യാൻ വിമുഖരായി മടങ്ങിയാലും നിയമനച്ചെലവ് തിരിച്ചുനൽകണം.

തൊഴിൽ പരിശീലന കാലത്ത് ജോലിക്കു പ്രാപ്തിയില്ലെന്ന് കണ്ടെത്തിയാലും മോശം പെരുമാറ്റം പ്രകടിപ്പിച്ചാലും സ്പോൺസർക്ക് തൊഴിലാളിയെ റിക്രൂട്ടിങ് ഓഫിസുകളിൽ തിരിച്ചേൽപിക്കാം. തൊഴിൽ കരാർ തൊഴിലാളി സ്വന്തം ഇഷ്ടപ്രകാരം റദ്ദാക്കിയാലും റിക്രൂട്ടിങ് കമ്പനികൾ സ്പോൺസർക്ക് നഷ്ടപരിഹാരം നൽകണം.

വീട്ടുജോലിക്കാരെ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുമ്പോഴുള്ള വ്യവസ്ഥകളും ചട്ടങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുജോലിക്കാർക്ക് അനിവാര്യമായ വൈദ്യപരിശോധന നടത്തണം എന്നതാണ് പ്രധാനം. തൊഴിലുടമ ആവശ്യപ്പെടുന്ന കാര്യങ്ങൾ ജോലിക്കാരെ അറിയിക്കേണ്ടതും റിക്രൂട്ടിങ് കേന്ദ്രങ്ങളുടെ ബാധ്യതയാണ്.

അക്കാദമിക്, തൊഴിൽ പരിചയം ആവശ്യമെങ്കിൽ അക്കാര്യങ്ങൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. തൊഴിലുടമയുമായി ധാരണയാക്കി ഉണ്ടാക്കിയ ഓഫർ ലെറ്റർ തൊഴിലാളിയെ കാണിച്ച് സമ്മതമാണെന്ന് അറിയിച്ച് ഒപ്പുവാങ്ങണം.

ഗാർഹിക തൊഴിലാളികൾ അവരുടെ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പാക്കേണ്ടതും റിക്രൂട്ടിങ് ഏജൻസികളാണ്. ഇതു തെളിയിക്കുന്ന ‘നല്ലനടപ്പ് സാക്ഷ്യപത്രം’ ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കണം. റിക്രൂട്ടിങ് കാര്യങ്ങൾക്കായി ഏജൻസികൾ അതത് രാജ്യങ്ങളുടെ ഔദ്യോഗിക കേന്ദ്രങ്ങളുമായി ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ സമർപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

മാർഗനിർദേശങ്ങൾ പാലിച്ച് റിക്രൂട്ടിങ് ഏജൻസികൾ, തൊഴിലുടമ, തൊഴിലാളി എന്നിവർ തമ്മിൽ കരാർ രൂപപ്പെടുത്തണം. യുഎഇയിലേക്ക് കൊണ്ടുവരാൻ തൊഴിലാളിയിൽനിന്ന് പണം ഈടാക്കാൻ പാടില്ലെന്നതും മന്ത്രാലയ വ്യവസ്ഥയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.