അജിത് പാലിയത്ത്: യുകെ മലയാളികള്‍ക്കിടയില്‍ നിന്നും കൂടുതല്‍ സാഹിത്യ പ്രേമികള്‍ മുന്നോട്ട് വരുവാനും, പരന്ന വായനയിലൂടെ മലയാള സംസ്‌കാരത്തിന്റെയും സംസ്‌കൃതിയുടെയും സത്ത കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് പകരുവാനുമായി ‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ ഓണ്‍ലൈന്‍ വായനശാല, ഓണത്തിന് നടത്തിയ സാഹിത്യ രചനാ
ശില്പശാലയില്‍ കിട്ടിയ കൃതികളില്‍ നിന്നും മികച്ച കൃതികള്‍ തിരഞ്ഞെടുത്തു. ഈ സാഹിത്യ രചനയില്‍ അനവധി ആളുകള്‍ ആത്മാര്‍ഥമായി പങ്കെടുത്തു. ഇത് ഒരു മല്‍സരമായിട്ടല്ല നടത്തിയത്. മികച്ച കൃതികള്‍ അയച്ചവര്‍ കണ്ടെത്തുക അതിനു ഉപഹാരം നല്കുക എന്നുള്ളതായിരുന്നു രീതി. അക്ഷരഗ്രന്ഥാലയം നടത്തിയ ഈ എളിയ കാല്‍വെയ്പ്പ്, ഒത്തിരിയാളുകള്‍ക്ക് സാഹിത്യ രചനാ ശാഖയിലേക്ക്
മുന്നോട്ട് വരുവാന്‍ കാരണമായി. ഇഷ്ട്ടപ്പെട്ട വിഷയത്തില്‍ രചന നിര്‍വ്വഹിച്ചു അയച്ചുതന്ന കൃതികളില്‍ നിന്നും തിരഞ്ഞെടുത്ത നാല് രചനകള്‍ക്ക് DC Booksന്റെ ഓണ ഉപഹാരം നല്‍കുകയാണ്.
ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുത്തത് സ്ട്രാട്ട്‌ഫോര്‍ഡിലെ സന്ധ്യ ശശിധരന്‍ രചിച്ച ‘വിരഹം’ എന്ന കൃതിക്കാണ്. കെന്റില്‍ നിന്നുള്ള ബീന റോയ് രചിച്ച ‘കാത്തിരിപ്പ്’ രണ്ടാമത്തെ മികച്ച കൃതിയായി. മൂന്നാമത്, ഹള്ളിലെ ഡോക്ടര്‍. ജോജി കുര്യാക്കോസ് രചിച്ച ‘അച്ഛനോട്’ എന്ന കൃതിക്കും, നാലാമത് എസ്സെക്‌സ്, വെസ്റ്റ്
ക്ലിഫ് ഓണ്‍ സീയില്‍ താമസിക്കുന്ന ഡെന്നീസ് ജോസഫിന്റെ ‘എന്റെ സായാഹ്നം’ എന്ന കൃതിക്കുമാണ്. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം ഇനിയും കൂടുതല്‍ ആളുകള്‍ മേഘലയിലേക്ക്
കടന്ന് വരണമെന്നും ആഗ്രഹിക്കുന്നു.
കഥയ്ക്കും കവിതയ്ക്കും കൃതികള്‍ ക്ഷണിച്ചിരുന്നെങ്കിലും കവിതയ്ക്കായിരുന്നു ആളുകള്‍ മുന്‍തൂക്കം നല്കി സൃഷ്ട്ടികള്‍ അയച്ചത്. ഇതിന്റെ വിധികര്‍ത്താവായത് ബ്ലോഗ്ഗുകളിലും ആനുകാലികങ്ങളിലും എഴുത്തുന്ന,
തമിഴ്‌നാട്, തഞ്ചാവൂര് താമസിക്കുന്ന മലയാളിയായ പ്രശസ്ത എഴുത്തുകാരി, സ്വപ്നാ നായരാണ്.
യുക്കെ മലയാളികള്‍ക്കായി നടത്തിയ ഈ സാഹിത്യ രചനാ ശില്പശാല സംരംഭത്തില്‍ അകമഴിഞ്ഞു ഞങ്ങളെ സഹായിച്ച കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ പ്രസാധകരായ DC ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡീ. സീ. ക്കും സെക്രട്ടറി അരുണിനുമുള്ള നന്ദി അറിയിക്കുന്നു. കൂടാതെ DC ബുക്‌സിന്റെ ഉപഹാരം യുക്കേയില്‍ എത്തിച്ചുതന്ന ഷെഫീല്‍ഡിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ബെന്നി ജോര്‍ജ്ജിനുമുള്ള നന്ദിയും അറിയിക്കുന്നു.
ആധുനിക വിവര ശാസ്ത്ര സാങ്കേതികതയിലൂടെ വളര്‍ന്ന് പന്തലിച്ച ഡിജിറ്റല്‍ യുഗത്തിന്റെ ഈ കാലത്ത് തിരക്കുകളുടെ തിരത്തള്ളലില്‍ ഉറകെട്ട് പോകുന്ന മലയാളിയുടെ വായനാശീലവും സാഹിത്യവാസനയും രചനാ വൈഭവവും വീണ്ടും ഉയര്‍ത്തിക്കൊണ്ട് നല്ല വായനയ്ക്കുള്ള സൗകര്യമൊരുക്കി യുക്കേയിലെ മലയാളികള്‍ക്ക് ഒരു
വായനശാല തുറക്കുക ആശയത്തില്‍ നിന്നും സ്ഥാപിച്ചതാണ് ‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ എന്ന ഓണ്‍ലൈന്‍
വായനശാല. വായന മനുഷ്യന് അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്‌കാരത്തെ തിരിച്ചറിയാനും സഹായിക്കുന്നു. നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുമ്പോള്‍ വിജ്ഞാനത്തിന്റെയും വൈവിധ്യത്തിന്റെയും വാതായനങ്ങള്‍ തുറക്കുന്ന വായന, നമ്മളുടെ സംസ്‌കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ലൈബ്രറിയിലേക്ക് ബുക്കുകള്‍ സംഭാവന നല്കിയും വായിക്കുവാന്‍ എടുത്തും ഇതിനകം നിരവധി സാഹിത്യപ്രേമികള്‍ വായനശാലയുടെ പങ്കുകാരായി. ലൈബ്രറിയിലെ പുസ്തകങ്ങളെ പരിചയപ്പെടാന്‍ കഴിഞ്ഞ മാസം നടത്തിയ വായനാദിനം സാഹിത്യപ്രേമികളുടെ പ്രശംസ നേടി.
വരും നാളുകളില്‍ യുക്കേയിലെ പ്രമുഖ സാഹിത്യ കൂട്ടായ്മകളുമായ് ചേര്‍ന്ന് ഇതുപോലുള്ള സാഹിത്യശിബിരങ്ങള്‍ അഥേനീയം അക്ഷര ഗ്രന്ഥാലയം സംഘടിപ്പിക്കുന്നതായിരിക്കും. അഥേനീയം അക്ഷര ഗ്രന്ഥാലയം ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ചേരുവാന്‍..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല