സ്വന്തം ലേഖകൻ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ എളുപ്പം. ഇതിനായി വാണിജ്യ വ്യവസായ മന്ത്രാലയം അതിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെയാണിത്. മന്ത്രാലയത്തിന്റെ, ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കുന്ന ‘MOCIQATAR’ എന്ന മൊബൈല്‍ ആപ്പിലാണ് പരാതി സമര്‍പ്പിക്കല്‍ സേവനം ആരംഭിച്ചത്.
മൊബൈല്‍ ആപ്പ് വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കുമെതിരേ പരാതി മസര്പ്പിക്കാന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ സേവനത്തിലൂടെ സാധിക്കും. മേഖലയുമായി ബന്ധപ്പെട്ട പൊതു താല്പര്യാര്ഥമുള്ള പരാതികളും ഇതുവഴി നല്‍കാനാവും.
ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ വാണിജ്യ, വ്യാപാര മേഖലയുമായി ബന്ധപ്പെട്ട് ഏത് പരാതികളും ഈ ആപ്പ് വഴി അധികാരികളെ അറിയിക്കാം.
സാധനങ്ങളുടെ വിലകള്‍, വില്‍പ്പന, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ മൊബൈല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്കുന്നു. കൂടാതെ, ബില്ലുകള്‍, പേയ്മെന്റ് രീതികള്‍, ലൈസന്‍സിംഗ്, ആരോഗ്യവും സുരക്ഷയും, മേഖലയുമായി ബന്ധപ്പെട്ട ചൂഷണങ്ങള്‍, ദുരുപയോഗോങ്ങള്, ഉപഭോക്താക്കള്‍ നേരിട്ടേക്കാവുന്ന മറ്റ് ലംഘനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള പരാതികളും ഇതിലൂടെ സമര്‍പ്പിക്കാം.
രാജ്യത്തെ സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതി സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റുന്നതിനും ഇതിലൂടെ സാധിക്കും.
പുതിയ പരാതി സമര്‍പ്പണ സംവിധാനം നിലവില്‍ വരുന്നതോടെ മേഖലയിലെ സേവനങ്ങളുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. പരാതികള്‍ കാലതാമസമില്ലാതെ വേഗത്തില്‍ സമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിലൂടെ പരാതി നല്‍കുന്നവരുടെ എണ്ണം കൂടും. അതുവഴി വ്യാപാര, വാണിജ്യ മേഖലയിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.
മൊബൈല്‍ ആപ്പിലൂടെ ലഭിക്കുന്ന പരാതികളില്‍ സത്വര പരിഹാരം കാണുന്നതിനും ഉപേഭാക്താക്കള്‍ക്ക് ആവശ്യമായ സഹായം ലഭിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാൻ ഖത്തർ എപ്പോഴും ശ്രദ്ധചെലുത്താറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല