സ്വന്തം ലേഖകൻ: വിലപിടിപ്പുള്ള രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടാൽ മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാൻ സൗകരൃമൊരുക്കി ഖത്തർ ആഭ്യന്തരമന്ത്രാലയം. ഖത്തർ ഐ.ഡി, ചെക്ക്, മൊബൈൽ ഫോൺ, പണം, പേഴ്സ് എന്നിവ നഷ്ടപ്പെട്ടാൽ മെട്രാഷ് ആപ്പ് വഴി റിപ്പോർട്ട് ചെയ്യാനും അതിന്റെ വിശദാംശങ്ങൾ അറിയിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മെട്രാഷ് രണ്ടിൽ സൗകരൃമൊരുക്കിയതായി അധികൃതർ അറിയിച്ചു. ഇത്തരം വസ്തുക്കൾ കാണാതായാൽ ഇനി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതില്ല.
സാധാര ഗതിയായി ഇത്തരം വസ്തുക്കൾ നഷ്ടപ്പെട്ടാൽ സുരക്ഷാ വിഭാഗം ഓഫീസുകളിലോ, പൊലീസ് സ്റ്റേഷനിലോ എത്തി നഷ്ടപ്പെട്ടവയെ കുറിച്ച് പരാതി നല്കണമെന്നതായിരുന്നു വ്യവസ്ഥ എന്നാൽ ഇനി മുതൽ മെട്രാഷിലെ ജനറൽ സർവീസ് വിൻഡോയിൽ ‘റിപോർട്ട് ലോസ്റ്റ് ഒബ്ജക്ട്സ്’ വഴി അധികൃതർക്ക് പരാതി നൽകാവുന്നതാണ്.
റെസിഡന്റ് ഐ.ഡി, ചെക്ക്, മൊബൈൽ ഫോൺ, പേഴ്സ്, പണം എന്നിവ തെരഞ്ഞെടുക്കാൻ ഇതിൽ സൗകര്യമുണ്ട്. നഷ്ടമായ വസ്തു ഏതെന്ന് ടിക്ക് ചെയ്ത ശേഷം ആവശ്യമായ വിശദാംശങ്ങൾ അതോടൊപ്പം തന്നെ ചേർക്കാം. സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ സംവിധാനം.
നഷ്ട്ടപ്പെട്ട വസ്തുക്കൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്നത് മാത്രമല്ല ഏറെ സമയലാഭവും ലഭിക്കുന്നു എന്നതും ഇതിനെ ആകര്ഷണീയമാക്കുന്നു. തിരിച്ചറിയൽ കാർഡ് പോലുള്ള രേഖകൾ നഷ്ടപ്പെട്ടാൽ അത് ബന്ധപ്പെട്ട വിഭാഗത്തിൽ റിപ്പോർട്ട് ചെയ്താൽ മാത്രമെ പുതിയത് ലഭിക്കുകയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല