സ്വന്തം ലേഖകന്‍: 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് യൂറോപ്പ് സാക്ഷ്യം വഹിച്ചു. ഗ്രീനിച്ച് സമയമനുസരിച്ച് ബ്രിട്ടനില്‍ ഇന്ന് പുലര്‍ച്ചെ 8.45 നായിരുന്നു ഗ്രഹണം. അതായത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.15ന്. 8.45 നു ആരംഭിക്കുന്ന ഗ്രഹണം 9.31 നു അതിന്റെ പൂര്‍ണ സ്ഥായിയിലെത്തി.
10.41 വരെ സൂര്യന്‍ ഭൂമിയില്‍ നിന്നും പൂര്‍ണമായും ഭാഗികമായും മറക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയിലും അമേരിക്കയിലും അപൂര്‍വമായ ഈ ഗ്രഹണം കാണാന്‍ കഴിയില്ല. സമ്പൂര്‍ണ ഗ്രഹണം ആസ്വദിക്കാനുള്ള ഭാഗ്യം യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് മാത്രമാണ്. ഒപ്പം പശ്ചിമേഷ്യയിലും ആഫ്രിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും ഭാഗികമായി ഗ്രഹണം ദൃശ്യമാകും.
1999 നു ശേഷം ഇതാദ്യമായാണ് ഇത്രയും ശക്തിയേറിയ ഒരു സൂര്യഗ്രഹണം സംഭവിക്കുന്നത്. 90 മുതല്‍ 94 ശതമാനത്തോളം സൂര്യപ്രകാശവും മറയ്ക്കപ്പെടും എന്നാണ് ഭൗമ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. നോര്‍വീജിയന്‍ കടല്‍ മേഖലയിലായിരിക്കും ഏറ്റവും കൂടുതല്‍ സമയം ഗ്രഹണത്തിന്റെ നിഴല്‍ വീഴുക എന്നാണ് അനുമാനം. ഏകദേശം മൂന്നു മിനിറ്റോളം ഈ മേഖല ഇരുട്ടിലാകുക.
അതേസമയം അപൂര്‍വമായി ലഭിച്ച ഗ്രഹണത്തെ പരമാവധി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ് യൂറോപ്പിലെ ഭൗമ ഗവേഷകര്‍. മേഘങ്ങളേയും കാറ്റിനെയും സൂര്യന്‍ ഏത് രീതിയിലാണ് സ്വാധീനിക്കുന്നതെന്ന് ഇന്ന് നടക്കുന്ന ഗ്രഹണത്തിന്റെ അടിസ്ഥാനത്തില്‍ പഠിക്കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
അതോടൊപ്പം ഗ്രഹണസമയത്ത് കാറ്റിന്റെ ഗതിക്കുണ്ടാകുന്ന മാറ്റങ്ങളും പഠന വിധേയമാക്കാനാണ് ഗവേഷകരുടെ തീരുമാനം. ഇനി അടുത്ത ഗ്രഹണം കാണാന്‍ 2026 വരെ കാത്തിരിക്കേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല