
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ഡിപ്പാർട്മെന്റിൽ പരാതി നൽകാമെന്ന് മാൻ പവർ അതോറിറ്റി. ഇത്തരക്കാരെ റിക്രൂട്ട്മെന്റ് ഓഫിസിലേക്ക് തിരികെ അയക്കേണ്ടതില്ല.
തൊഴിലുടമയുടെ പരാതി ലഭിച്ചാൽ തൊഴിലാളി ജോലിയിൽ തുടരാത്തതിന്റെ കാരണം ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ഡിപ്പാർട്മെന്റ് അന്വേഷിക്കും. തുടർന്ന് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി അറിയിച്ചു. ഗാർഹിക തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കൽ, ഇരുവിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവയുടെ ഭാഗമായാണിത്.
ആറുമാസ വാറന്റി കാലയളവിൽ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ റിക്രൂട്ട്മെന്റ് ഓഫിസിലേക്ക് തിരികെ അയക്കലായിരുന്നു രീതി. ഇനി വിഷയത്തിൽ ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ഡിപ്പാർട്മെന്റ് അന്വേഷണത്തിന് ശേഷമാകും നടപടികൾ സ്വീകരിക്കുക.
ഗാർഹിക തൊഴിലാളികൾക്ക് പരാതികൾ മാൻപവർ അതോറിറ്റിയെ നേരിട്ട് അറിയിക്കാനുള്ള ഹോട്ട് ലൈൻ നമ്പറും അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മലയാളത്തിലടക്കം വിവിധ ഭാഷകളിൽ അറിയിപ്പും നൽകുകയുണ്ടായി. ഗാർഹിക തൊഴിലാളികൾക്ക് പരാതികൾ 24937600 എന്ന നമ്പറിൽ അധികൃതരെ അറിയിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല