1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2012

ജോണ്‍ തോമസ്‌

ഓര്‍മയുണ്ടോ എഴുപത് എണ്‍പതുകളിലെ കുട്ടിക്കാലം. അവധിക്കാലമെത്തിയാല്‍ പിന്നെ സൂര്യന്‍ ഉദിക്കുന്നതും കാത്ത് കിടക്കും. നേരം വെളുത്തുകഴിഞ്ഞാല്‍ പിന്നെ ആവേശത്തിമിര്‍പ്പിന്റെ മണിക്കൂറുകളാണ്. എനിക്കൊരു സൈക്കിള്‍ ഉണ്ടായിരുന്നു. വീടിനടുത്ത് ഒരു കളിസ്ഥലം, ചുറ്റുപാടും സമപ്രായക്കാരായ കൂട്ടുകാര്‍. അവധിക്കാലമെത്തിയാല്‍ പിന്നെ പുലര്‍ച്ചെ തന്നെ സൈക്കിളുമെടുത്ത് ഇറങ്ങും. ലക്ഷ്യം വെറെങ്ങുമല്ല, കളിസ്ഥലം തന്നെ. ഞാന്‍ എത്തുന്നതിനു മുമ്പ് തന്നെ കൂട്ടുകാര്‍ അവിടെ ഹാജര്‍ വച്ചിട്ടുണ്ടാകും. ഞാന്‍ കൂടി എത്തുന്നതോടെ എല്ലാം തികയും. പിന്നെ പലതരം കളികളാണ്. ആരും വെറുതേ ഇരിക്കേണ്ടിവരില്ല. അല്ലെങ്കില്‍ ആരെയും വെറുതെ ഇരിക്കാന്‍ സമ്മതിക്കില്ല. ഇതായിരുന്നു ഞങ്ങളുടെ ലൈന്‍. നേരം വെളുത്തപ്പോള്‍ വീട്ടില്‍ നിന്നു ഇറങ്ങിയ ഞങ്ങളുടെ സംഘം തിരിച്ച് വീട്ടില്‍ കയറുന്നത്,

ഉച്ചയൂണിനുള്ള സമയമാകുമ്പോള്‍. ഊണ് കഴിഞ്ഞാല്‍ പിന്നെ അത്ഭുത മനുഷ്യനേപ്പോലെയാണ്, മിനിറ്റുവച്ച് വീട്ടില്‍ നിന്നു അപ്രത്യക്ഷനാകും. പിന്നെ വീട്ടിലുള്ളവര്‍ക്ക് എന്നെ കണികാണാന്‍ കിട്ടുന്നതു വൈകീട്ടത്തെ ചായസമയത്തായിരിക്കും. നല്ല കോലത്തിലായിരിക്കും വീട്ടിലേയ്ക്കുള്ള എന്റെ വരവ്. കാല്‍മുട്ടിന്റെ പലഭാഗങ്ങളിലായി ചെറിയ പോറലുകളും മുറിവുകളും. ദേഹമാസകലം ചെളി. അത്യധ്വാനം കഴിഞ്ഞതിന്റെ ക്ഷീണം മുഖത്ത്. ഇതു കാണുമ്പോള്‍ തന്നെ അമ്മ വടിയെടുക്കും. പിന്നെ വീടിനു ചുറ്റും അമ്മയെ വെട്ടിച്ച് ഓട്ടം. മടുത്തുകഴിയുമ്പോള്‍ അമ്മയുടെ വക സമാധാനശ്രമം. അന്നൊന്നും മൊബൈല്‍ ഫോണില്ല, അനാവശ്യ പേടിയില്ല, ബോറടിയുമില്ല. ഒരു തടിബാറ്റും, റബര്‍ പന്തും, സൈക്കിളിലെ രാജകീയ യാത്രയുമൊക്കെയായി കുട്ടികള്‍ സ്വന്തമായ ലോകം സൃഷ്ടിച്ചിരുന്നു. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ കൂട്ടുകാരുമൊത്ത് സിനിമയ്ക്കും സമീപത്തെ പുഴയിലും കുളത്തിലുമായി നീന്തല്‍ തുടങ്ങിയ പരിപാടികളിലേയ്ക്കു എന്റെ ലോകം വളര്‍ന്നു. സൈക്കിളിലെ കറക്കമായിരുന്നു പ്രധാന പരിപാടി.

ഇന്ന് ടെക് ലോകം മറ്റെന്തിനേക്കാള്‍ വളര്‍ന്നിരിക്കുന്നു. സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ ഒലിച്ചുപോയതു കുട്ടികളുടെ സാങ്കല്പിക ലോകത്തിന്റെ താക്കോലാണ്. ഇന്നിപ്പോള്‍ കുട്ടികള്‍ക്കു ചോയിസ് കുറച്ചൊന്നുമല്ല ഉള്ളത്. ഫേസ്ബുക്ക്, സ്‌കൈപ്പ്, ഐപാഡ്, ഐഫോണ്‍, ബ്ലാക്ക്‌ബെറി, ടിവിയിലാണെങ്കില്‍ ഒരു ദിവസം കൊണ്ട് കണ്ടുതീര്‍ക്കാനാവാത്ത വിധം നൂറുകണക്കിനു ചാനലുകള്‍… എന്നിട്ടും ഇന്നത്തെ കുട്ടികള്‍ക്കു ബോറടി മാറുന്നില്ല. എന്റെ കൗമാരപ്രായമെത്തിയപ്പോള്‍ രക്ഷിതാക്കളുടെ ചിറകിനു കീഴില്‍ നിന്നു സ്വാതന്ത്ര്യം ആസ്വദിക്കാമെന്നായി. ഒന്നിനേക്കുറിച്ചും ആശങ്കളില്ലാത്ത കാലം. ദിവസവും കാണുന്ന, ഇടപെഴകുന്ന നിരവധി പേര്‍. ലോകം തൊട്ടറിഞ്ഞ നിമിഷങ്ങള്‍.

ഇന്നത്തെ കുട്ടികളുടെ ബാല്യം കംപ്യൂട്ടറിലും ട്യൂഷനിലും വീഡിയോ ഗെയിമിലും ഒതുങ്ങുന്നു. സമൂഹവുമായി ബന്ധമില്ല. രാജ്യത്തെക്കുറിച്ച് ധാരണകളില്ല. സ്‌നാക്‌സും ബര്‍ഗറും ഹോട്ട്‌ഡോഗും ശീലിക്കുന്ന ബാല്യം. ഇതൊക്കെയാണെങ്കിലും എപ്പോഴും ടെന്‍ഷനും ആശങ്കളും മാത്രം. ഒരുപക്ഷേ നിങ്ങള്‍ ബാല്യത്തില്‍ അനുഭവിച്ച സ്വതന്ത്ര്യവും സന്തോഷവും നിങ്ങളുടെ കുട്ടികള്‍ക്കു നഷ്ടമാകുന്നു, അല്ലെങ്കില്‍ നിഷേധിക്കുന്നു. അവരെ യന്ത്രസമാനമാക്കുന്ന ജീവിതനിഷ്ഠകള്‍ അവരോടുള്ള ക്രൂരതയാണ്. അടച്ചുപൂട്ടിയ ചില്ലുകൂട്ടില്‍ നിന്നു സ്വതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ കുട്ടികള്‍ക്കു തുറന്നുകൊടുക്കൂ.. അവരെ ഭാവനയുടെ ലോകത്തിലേയ്ക്കു നയിക്കൂ..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.