യാത്ര ചെയ്യുന്ന വിമാനത്തിന്‍റെ ഇന്ധനം തീര്‍ന്നാല്‍ യാത്രക്കാര്‍ എന്തു ചെയ്യും ? ആദ്യം ടിക്കറ്റിനായി കൊടുത്ത പണം കൂടാതെ ഇടയ്ക്ക് വച്ച് ഇന്ധനം നിറയ്ക്കാനും പണം കൊടുക്കേണ്ട അവസ്ഥ നമ്മളില്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ അടുത്ത യാത്രയില്‍ അല്‍പം പണം കൂടി കയ്യില്‍ കരുതുന്നതായിരിക്കും ബുദ്ധി എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇന്ത്യയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞുള്ള മടക്കയാത്രക്കിടയില്‍ വിയന്ന വിമാനത്താവളത്തില്‍ വച്ചാണ് ബര്‍മിംഗ്ഹാമിലേക്ക് പറക്കാന്‍ ആവശ്യമായ ഇന്ധനം നിറയ്ക്കാന്‍ യാത്രക്കാര്‍ പിരിവെടുത്ത് പണം നല്‍കേണ്ടി വന്നത്.ഒന്നുകില്‍ ഇന്ധനത്തിനുള്ള പണം സ്വരൂപിച്ച് നല്‍കുക, അല്ലെങ്കില്‍ വിമാനത്താവളത്തില്‍തന്നെ തങ്ങുക എന്നതാണ് വിമാനക്കമ്പനി നല്‍കിയ ഉപദേശം.
ക്ഷുഭിതരായ യാത്രക്കാര്‍ വിമാനക്കമ്പനിക്കെതിരെ പ്രതികരിച്ചുകൊണ്ട് യാത്രക്കാര്‍ രംഗത്തെത്തിയെങ്കിലും പിന്നീട് ഇരുപതിനായിരം പൗണ്ട് ശേഖരിച്ച് നല്‍കുകയായിരുന്നു. ഓസ്ട്രിയന്‍ വിമാനക്കമ്പനിയായ കോംറ്റെലാണ് യാത്രക്കാരെ വലച്ചത്. അറുന്നൂറോളം യാത്രക്കാരുമായി വിയന്നയില്‍ എത്തിയ കോംറ്റെല്‍ വിമാനത്തിന് തുടര്‍ന്ന് പറക്കാനുള്ള ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യാത്ര മുടങ്ങുമെന്ന അവസ്ഥ വന്നതോടെയാണ് യാത്രക്കാര്‍ പണം പിരിച്ച് നല്‍കേണ്ടിവന്നത്.
കോംറ്റെല്‍ വിമാനക്കമ്പനിയുടെ നാല് ചാര്‍ട്ടേഡ് വിമാനത്തിലാണ് അറുനൂറ് യാത്രക്കാര്‍ ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. സാമ്പത്തികമാന്ദ്യത്തില്‍ വലയുന്ന കോംറ്റെല്‍ ലാന്റിംഗ് ഫീസും നികുതിയും അടച്ചിരുന്നില്ല. അതെല്ലാം യാത്രക്കാര്‍ നല്‍കേണ്ടിവന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ആറുമണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയശേഷമാണ് യാത്രക്കാര്‍ പണം കൊടുക്കാമെന്ന് തീരുമാനിച്ചത്. ഒരാള്‍ 130 പൗണ്ട് വീതമാണ് വിമാനക്കമ്പനിക്കുവേണ്ടി മുടക്കിയത്.നിവൃത്തിയില്ലെങ്കില്‍ നീതിമാന്‍ എന്തു ചെയ്യും അല്ലേ !
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല