സ്വന്തം ലേഖകന്‍: സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യ ചൂളകള്‍, ഓരോ ദിവസവും ചാമ്പലാക്കിയത് അമ്പതോളം പേരെ, ഗുരുതര ആരോപണവുമായി അമേരിക്ക. ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് സിറിയയില്‍ ബാഷര്‍ അല്‍ ആസാദ് ഭരണകൂടം എതിരാളികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ജയിലില്‍ പ്രത്യേക മരണ അറയും ശ്മശാനവും നിര്‍മ്മിച്ചിരുന്നതായി തെളിവുകള്‍ സഹിതം അമേരിക്ക ആരോപിക്കുന്നത്. ജയില്‍ വളപ്പിന്റെ തെക്കു പടിഞ്ഞാറായി മാറി ഒരു കെട്ടിടം ഇതിനായി പണി കഴിച്ചിരുന്നതായും ഇവിടെ ദിനംപ്രതി 50 എന്ന കണക്കില്‍ ആള്‍ക്കാരെ തൂക്കിക്കൊന്നിരുന്നതായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജര്‍മ്മനിയിലെ നാസികള്‍ ഉപയോഗിച്ചിരുന്ന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുടെ ശൈലിയാണ് അനുകരിച്ചിരുന്നത്. തനിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ ആസാദ് ഭരണകൂടം ജയിലില്‍ പാര്‍പ്പിക്കുകയും പിന്നീട് കൊന്നു കത്തിച്ചു കളയുകയായിരുന്നെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ശേഖരിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ആരോപണം ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയിലിന്റെയും കെട്ടിടത്തിന്റെയും ആകാശദൃശ്യങ്ങളും ട്രംപ് ഭരണകൂടം പുറത്തുവിട്ടു.
പുതിയതായി നിര്‍മ്മിച്ചിരിക്കുന്ന ജയിലും അതിനുള്ളിലെ ശ്മശാനവുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. റഷ്യയുടേയും ഇറാന്റെയും സഹായത്തോടെയാണ് സിറിയ ഈ ക്രൂരത കാട്ടുന്നതെന്നാണ് അമേരിക്ക പറയുന്നത്. ഒരു ശ്മശാനവും ചേര്‍ത്ത് 2013 ല്‍ ഈ കെട്ടിടം നവീകരിച്ചത് ഇതിന് വേണ്ടിയാണെന്നും ആരോപണമുണ്ട്. വടക്കന്‍ ഡമാസ്‌ക്കസിലെ ജയിലില്‍ ആയിരങ്ങളെയാണ് ഇത്തരത്തില്‍ പുറംലോകം അറിയാതെ ചാമ്പലാക്കിയത്.
വെറും അഞ്ചു പേര്‍ക്ക് മാത്രം ഇടമുള്ള ജയില്‍ മുറികളില്‍ 70 ഓളം പേരെയാണ് കുത്തിനിറച്ചിരുന്നത്. 2011 നും 2015 നും ഇടയില്‍ 5000 മുതല്‍ 11,000 വരെ കൊലപാതകം നടന്നിട്ടുണ്ടെന്നാണ് എകദേശ കണക്ക്. കൊല ചെയ്യപ്പെട്ടതിന്റെ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതിരിക്കാന്‍ ജയിലിനോട് ചേര്‍ന്നുതന്നെ ശ്മശാനവും പണിയുകയായിരുന്നെന്നും അമേരിക്ക വ്യക്തമാക്കുന്നു. നാട്ടുകാര്‍ക്ക് നേരെ ആസാദ് ഭരണകൂടം രാസായുധം പ്രയോഗിച്ചതായും പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മരിച്ചതായും അമേരിക്ക നേരത്തേ ആരോപിച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല