യുകെയുടെ സാമ്പത്തിക മേഖല മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് പറഞ്ഞു. മുന്‍പ് പ്രതീക്ഷിച്ചിരുന്നതിനെക്കാളും മെച്ചപ്പെട്ട നിലയില്‍ സാമ്പത്തിക പുരോഗതി കൈവരിക്കുമെന്ന് സിബിഐ പറയുന്നു. ഈ വര്‍ഷത്തില്‍ 2.7 ശതമാനം വളര്‍ച്ച യുകെ നേടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. മുന്‍ വിലയിരുത്തലുകള്‍ പ്രകാരം ഇത് 2.5 ശതമാനം ആയിരുന്നു.
പണപ്പെരുപ്പം കുറഞ്ഞതും തൊഴില്‍മേഖല മെച്ചപ്പെട്ടതുമാണ് മുന്‍നിശ്ചയിച്ചിരുന്ന വളര്‍ച്ചാ തോതില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് പറയാന്‍ കാരണം. അതേസമയം യൂറോസോണിലുള്ള ഗ്രീസിന്റെയും യുക്രെയിനിന്റെയും അനിശ്ചിതത്വം യുകെയുടെ വളര്ച്ചാപടവുകള്ക്ക് ഭീഷണിയായി നിലനില്‍ക്കുന്നുണ്ടെന്നും സിബിഐ മുന്നറിയിപ്പ് നല്കുന്നു.
വേതന വര്‍ദ്ധനവിനെ തുടര്‍ന്ന് വീടുകളില്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയതാണ് പണപ്പെരുപ്പം കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. യുകെയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം നിക്ഷേപത്തിലും വര്‍ദ്ധനയുണ്ടാകും. ഏകദേശം 5.8 ശതമാനത്തിന്റെ വളര്‍ച്ച നിക്ഷേപത്തിലുണ്ടാകുമെന്നാണ് സിബിഐ വിലയിരുത്തല്‍.
എണ്ണ വില കുറഞ്ഞ് നിന്നിരുന്നതിനാല്‍ കമ്പനികളുടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞിരുന്നു. അതുകൊണ്ട് കൂടുതല്‍ പണം ചെലവഴിക്കാന്‍ കമ്പനികളുടെ കൈവശമുണ്ടെന്നും ഇത് നിക്ഷേപത്തിന് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നതാണെന്നും സിബിഐ പറയുന്നു. നോര്‍ത്ത് സീയിലെ എണ്ണ കമ്പനികള്‍ക്ക് മാത്രമാണ് തിരിച്ചടി നേരിടേണ്ടി വന്നത്. ഈ കമ്പനികള്‍ കടുത്ത സാമ്പത്തിക നഷ്ടത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല