സ്വന്തം ലേഖകൻ: മേഖലയിലെ നിലവിലെ ‘സാഹചര്യം’ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഈ മാസം സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന ഇറാന്‍റെ ഭീഷണികൾക്കിടയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉപദേശം.
യുഎസും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ ജീവനക്കാർക്കും പൗരന്മാർക്കും സമാനമായ യാത്രാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പൗരന്മാർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് അതീവ ജാഗ്രത പാലിക്കണമെന്നും ഈ രാജ്യങ്ങളിലേക്കുള്ള യാത്ര പരമാവധി പരിമിതപ്പെടുത്തണമെന്നും ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഇസ്രയേൽ ഹമാസ് സംഘർഷം ആറു മാസമായി തുടരുന്നതിനിടെ ഇറാൻ ഇസ്രയേലിനെതിരെ രംഗത്ത് വരുന്നത്. സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലുമായുള്ള പിരിമുറുക്കം കുറയ്ക്കാൻ ഇറാനെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരോട് യുഎസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇറാനിലും ഇസ്രയേലിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ അടുത്തുള്ള എംബസികളിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. പൗരന്മാർ അതിജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കി.
ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഡമസ്കസിലെ കോൺസുലേറ്റ് ആക്രമിച്ച് മുതിർന്ന നേതാക്കളെ വധിച്ച ഇസ്രായേലിനെതിരെ പ്രതികാരം തീർച്ചയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം വഷളാകുന്ന സാഹചര്യത്തിലാണ് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ലുഫ്താൻസയും അനുബന്ധ കമ്പനിയായ ഓസ്ട്രിയൻ എയർലൈൻസും നിർത്തിവച്ചത്.
നിലവിലെ സാഹചര്യം പരിഗണിച്ച് ടെഹ്റാനിലേക്കും പുറത്തേക്കുമുള്ള വിമാനങ്ങൾ ഏപ്രിൽ 18 വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് ലുഫ്താൻസ വക്താവ് അറിയിച്ചു. ഓസ്ട്രിയൻ എയർലൈൻസും ഏപ്രിൽ 6 മുതൽ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല