സ്വന്തം ലേഖകൻ: കോംഗോയില്‍ അജ്ഞാതരോഗം പടരുന്നു. രോഗബാധിതരായി ചികിത്സ തേടിയ 406 പേരില്‍ 31 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. പനിയാണ് പ്രധാന രോഗലക്ഷണം. പിന്നീട് രോഗികളുടെ അവസ്ഥ വഷളാവുകയും മരണത്തിനു കീഴടങ്ങുകയുമാണ് ചെയ്യുന്നത്.
കോംഗോയില്‍ പടരുന്ന അജ്ഞാതരോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യസംഘടന രംഗത്തെത്തുകയും ചെയ്തു. രോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഒരു വിദഗ്ധ വൈദ്യസംഘത്തെ ലോകാരോഗ്യ സംഘടന കോംഗോയിലേക്ക് അയച്ചിരിക്കുകയാണ്. തിരിച്ചറിയപ്പെടാത്ത രോഗം എന്നാണ് ലോകാരോഗ്യസംഘടന ഈ രോഗത്തെ നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ലക്ഷണങ്ങള്‍ നയിക്കുന്നത് ഡിസീസ് എക്‌സിലേക്കാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മരണനിരക്ക് വര്‍ധിക്കുകയും രോഗം നിര്‍ണയിക്കപ്പെടാന്‍ സാധിക്കാതെയാവുകയും ചെയ്ത സാഹചര്യത്തിലാണ് കോംഗോയിലെ ആരോഗ്യമന്ത്രാലയം ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചത്. രാജ്യത്തെ ഉള്‍പ്രദേശങ്ങളിലൊന്നായ ക്വാന്‍ഗോയില്‍ തലവേദയും കഫക്കെട്ടും മൂക്കൊലിപ്പും ശരീരവേദനയും കാരണം ചികിത്സതേടിയെത്തിയത് 406 പേരാണ്. അതില്‍ 31 പേര്‍ വ്യത്യസ്ത ദിവസങ്ങളിലായി മരണമടയുകയായിരുന്നു.
രോഗബാധിത പ്രദേശങ്ങളുടെ നിലവിലെ സാഹചര്യവും രോഗം പടരുന്ന അവസ്ഥയും കണക്കിലെടുത്തുകൊണ്ട് സംശയിക്കപ്പെടുന്നതായ അനവധി രോഗങ്ങള്‍ ലാബ് ടെസ്റ്റുകളിലൂടെയും കൂടുതല്‍ പരിശോധനകളുടെയും അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഇന്‍ഫ്‌ളുവന്‍സ, മീസില്‍സ്, ശ്വാസകോശ അണുബാധ, ന്യൂമോണിയ തുടങ്ങിയവ നിര്‍ണയിക്കപ്പെടുന്നതിനൊപ്പം തന്നെ ഇ-കോളി , കോവിഡ്-19, മലേറിയ തുടങ്ങിയ രോഗങ്ങളുടെ സാധ്യതയെക്കുറിച്ചും വിശകലനം നടത്തും.
പകര്‍ച്ചവ്യാധി ഇപ്പോഴും പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ട എല്ലാ കേസുകളിലും പോഷകാഹാരക്കുറവും നേരിടുന്നുണ്ടുവെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. ഗുരുതര ഭക്ഷ്യദൗര്‍ലഭ്യം നേരിടുന്നതും രോഗനിര്‍ണയമോ, ചികിത്സയോ ലഭ്യമാവാത്തതും, വാക്‌സിനേഷന്‍ നിരക്ക് വളരെ കുറഞ്ഞതുമായ പ്രദേശങ്ങളിലാണ് പകര്‍ച്ചവ്യാധി കൂടുതലായി റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.
മതിയായ മരുന്നുകളോ, വാഹനസൗകര്യങ്ങളോ, ചികിത്സയോ ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് പകര്‍ച്ചവ്യാധിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍. മലേറിയയ്‌ക്കെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ ഫലപ്രദമായി നടത്തുന്നതില്‍ പരാജയം നേരിട്ടതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.
ഡിസീസ് എക്‌സിലെ, എക്‌സ് എന്നത് അര്‍ഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്. അതിനാല്‍ തന്നെ അത് ഏതു വിധത്തില്‍ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകള്‍ പരിമിതമായിരിക്കും. എപ്പോള്‍ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്‌സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല