സ്വന്തം ലേഖകന്‍: കോംഗോയില്‍ മരണം വിതച്ച് എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 27 ആയി; വൈറസ് ബാധിതര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രോഗബാധയെ തുടര്‍ന്ന് 27 പേരുടെ മരണമാണ് കഴിഞ്ഞ ദിവസം വരെ സ്ഥിരീകരിച്ചിട്ടുള്ളത്. 58 ഓളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനിടെ രോഗബാധിതരായ മൂന്നുപേര്‍ ആശുപത്രിയില്‍ നിന്ന് പുറത്തുചാടിയത് ആശങ്ക സൃഷ്ടിച്ചു.
എംബന്‍ഡകയിലെ ആശുപത്രിയില്‍ നിന്നായിരുന്നു രോഗബാധ സ്ഥിരീകരിച്ച മൂന്നുപേര്‍ ചാടിപ്പോയത്. അതേസമയം പുറത്തുപോയവരില്‍ രണ്ടുപേര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ടുപേര്‍ മരിച്ചതിന് പിന്നാലെയാണ് കോംഗോയില്‍ എബോള പടരുന്നത് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
1976 ല്‍ സുഡാനിലും കോംഗോയിലുമാണ് ആദ്യമായി എബോള രോഗബാധ സ്ഥിരീകരിച്ചത്. ഇത് ഒമ്പതാം തവണയാണ് കോംഗോയില്‍ എബോള ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. കോംഗോയിലെ സ്തിഥി ഗുരുതരമാണെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല