സ്വന്തം ലേഖകൻ: കോംഗോയിൽ യുഎന്‍ സമാധാന സേനയുടെ സൈനികബേസ് കൊള്ളയടിക്കാനുള്ള സായുധ കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ സേന തകർത്തു. സൈനിക ക്യാംപും ആശുപത്രിയും അടങ്ങുന്ന സേനാബേസ് ആക്രമിച്ചു കൊള്ളയടിക്കാനാണ് ആയുധധാരികൾ ശ്രമിച്ചത്. യുഎന്‍ സമാധാന സേനയുടെ ഭാഗമായ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സംഭവത്തെ ഇന്ത്യ അപലപിച്ചു.
അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി ഇന്ത്യ ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. ബുറ്റെമ്പോയിലെ സൈനിക ക്യാമ്പിനു നേരെ അഞ്ഞൂറോളം പേരാണ് ആക്രമണം നടത്തിയത്. മൊറോക്കോയില്‍നിന്നുള്ള സൈന്യത്തിനൊപ്പം ചേര്‍ന്നാണ് ഇന്ത്യന്‍ സൈന്യം അക്രമകാരികളെ തുരത്താന്‍ ശ്രമിച്ചത്. ഒരു മൊറോക്കോ സൈനികനും കൊല്ലപ്പെട്ടു. സൈന്യം വെടിവച്ചതിന തുടര്‍ന്ന് ആദ്യം പിരിഞ്ഞുപോയ അക്രമികള്‍ പിന്നീട് ശക്തമായ ആക്രമണം നടത്തുകയായിരുന്നു. വീണ്ടും വെടിവയ്പ് നടന്നു. കൂടുതല്‍ സൈന്യത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. തിങ്കളാഴ്ച ഗോമ നഗരത്തില്‍ ആരംഭിച്ച പ്രതിഷേധമാണ് ബുറ്റമ്പോയിലേക്കു പടര്‍ന്നത്.
കോംഗോയിലെ യുഎൻ സമാധാനദൗത്യമായ മോനസ്‌കോയുടെ ഭാഗമായാണ് ഇന്ത്യൻ സമാധാന സേന ഇവിടെ നിലയുറപ്പിച്ചത്. ഐക്യരാഷ്ട്രസഭയുടെ ചില ഓഫിസുകളും കൊള്ളയടിക്കാനായി ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതെക്കുറിച്ച് ശക്തമായ നിരീക്ഷണം നടത്തിവരികയാണെന്നും സേനാവൃത്തങ്ങൾ അറിയിച്ചു. യുഎൻ ഉദ്യോഗസ്ഥരുടെയും വസ്തുവകകളുടെയും സംരക്ഷണം ഇന്ത്യൻ സേനാംഗങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
കോംഗോയിൽ ഉടലെടുത്തിരിക്കുന്ന സായുധ സംഘർഷങ്ങളെ നേരിടാനാണ് വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മോനസ്‌കോ ദൗത്യം യുഎൻ ആവിഷ്‌കരിച്ചിരിക്കുന്നത്. മേയ് 22ന് കോംഗോ ദേശീയ ആർമിയെയും മോനസ്‌കോയെയും ലക്ഷ്യമിട്ട് നടന്ന സായുധസംഘങ്ങളുടെ ആക്രമണം ഇന്ത്യൻ ആർമി ഉൾപ്പെട്ട സമാധാന സേന പരാജയപ്പെടുത്തിയിരുന്നു. യുഎൻ സമാധാനസേനയിൽ ശക്തമായ പങ്കാളിത്തം ഇന്ത്യൻ സേനയ്ക്കുണ്ട്. ലോകമാകെ യുഎൻ വിന്യസിച്ചിരിക്കുന്ന 14 സമാധാന സേനകളിൽ എട്ടിലും ഇന്ത്യ ഉണ്ട്.
ഇതിന്റെ ഭാഗമായി ലോകത്ത് വിവിധയിടങ്ങളിൽ 5,400ൽ അധികം ഇന്ത്യൻ സൈനികർ സേവനം അനുഷ്ഠിക്കുന്നു. കോംഗോ, ലബനൻ, സൗത്ത് സുഡാൻ, സിറിയ, സഹാറാ മേഖല, സൈപ്രസ് മേഖല തുടങ്ങിയവ ഇതിൽ ഉൾപ്പെടും. 15 കമാൻഡിങ് ഓഫിസർമാർ, 2 സൈനിക ഉപദേഷ്ടാക്കൾ, ഒരു ഡപ്യൂട്ടി സൈനിക ഉപദേഷ്ടാവ്, 2 ഡിവിഷൻ കമാൻഡർമാർ, എട്ട് ഡപ്യൂട്ടി കമാൻഡിങ് ഓഫിസർമാർ എന്നിവരെ ഇന്ത്യ സമാധാന സേനയിലേക്ക് സേവനത്തിനായി അയച്ചിട്ടുണ്ട്.
അടുത്തിടെ ഇന്ത്യൻ സമാധാന സേനയിലെ വെറ്ററിനറി വിഭാഗം, സൗത്ത് സുഡാനിൽ വലിയ മൃഗചികിത്സാ പദ്ധതി ഏറ്റെടുത്തു നടത്തിയിരുന്നു. പ്രധാനമായും കാർഷികരംഗത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥയുള്ള സൗത്ത് സുഡാനിൽ ഈ നീക്കം തദ്ദേശീയരുടെ ഇന്ത്യൻ സേനയോടുള്ള ആദരവിനു കാരണമായിരുന്നു. നിരവധി ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ മെഡലുകളും കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല