സ്വന്തം ലേഖകൻ: ശശി തരൂർ കോൺഗ്രസ് അധ്യക്ഷനാകണമെന്ന നിലപാടുമായി യൂത്ത് കോൺഗ്രസിൽ ഒരുവിഭാഗം രംഗത്ത്. മല്ലികാർജുൻ ഖാർഗെ നേതൃത്വത്തിലെത്തണമെന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും വാദത്തെ നിരാകരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളടക്കം പരസ്യപ്രതികരണവുമായി രംഗത്തുണ്ട്.
ഖാർഗെയുടെ അനുഭവസമ്പത്തും പരിചയവും പാർട്ടിക്ക് ശക്തിപകരുമെന്നാണ് കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. അതേസമയം തരൂർ വരുന്നതിനെ നേതൃത്വത്തിൽ അധികമാരും പിന്തുണയ്ക്കുന്നുമില്ല. പാർട്ടിയിൽ അദ്ദേഹത്തിന് പ്രവർത്തനപരിചയം കുറവാണെന്നതടക്കമുള്ള വാദങ്ങളാണ് നേതാക്കൾ ഉയർത്തുന്നത്. തരൂർ പ്രസിഡന്റായാൽ പാർട്ടി സമവാക്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുമെന്ന ഭയമാണ് കേരള നേതാക്കളുടെ എതിർപ്പിനു പിന്നിലെന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തിരിച്ചടിക്കുന്നു.
വർഗീയ അജൻഡ നടപ്പാക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങളെ ചെറുക്കാൻ തരൂരിന് കഴിയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ വ്യക്തമാക്കുന്നു. അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മി പാർട്ടിയുടേതടക്കമുള്ള മുന്നേറ്റങ്ങളെ ചെറുക്കാനും കോൺഗ്രസിന്റെ ചരിത്രത്തിനും പ്രത്യയശാസ്ത്രത്തിനും ഇന്നത്തെ കാലത്തുള്ള പ്രസക്തി തുറന്നുകാട്ടാനും തരൂരിന് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
അധ്യക്ഷസ്ഥാനത്തേക്ക് വീറുറ്റ മത്സരം വന്നത് തരൂരിന്റെ സ്ഥാനാർഥിത്വത്തോടെയാണെന്ന് ഉറപ്പിക്കുകയാണ് അനുകൂലികൾ. അദ്ദേഹത്തിന്റെ അറിവ്, ഭാഷാജ്ഞാനം, ലോകനേതാക്കൾക്കിടയിലുള്ള സ്വീകാര്യത എന്നിവ പാർട്ടിക്ക് ഗുണംചെയ്യും. ഗ്രൂപ്പുകൾക്ക് അതീതനായതിനാൽ പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാനും അദ്ദേഹത്തിനാകും. മോദിയുടെ രാഷ്ട്രീയത്തെ നേരിടാനുള്ള പാടവം തരൂരിനുണ്ടെന്നും യുവനേതാക്കൾ വാദിക്കുന്നു.
അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പുറത്തുവരുന്ന നിലപാടുകൾ തീർത്തും വ്യക്തിപരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ വ്യക്തമാക്കി. തരൂരിനെ എതിർക്കുന്നതോ അനുകൂലിക്കുന്നതോ സംഘടനാ നിലപാടല്ല. കോൺഗ്രസിലെതന്നെ രണ്ട് നേതാക്കൾ തമ്മിലുള്ള മത്സരമാണിത്. അതുകൊണ്ടുതന്നെ ആരെയും പുകഴ്‌ത്തുന്നതും ഇകഴ്‌ത്തുന്നതും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അധ്യക്ഷ തിരഞ്ഞെടുപ്പിന് സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങുന്ന പാർട്ടി ഭാരവാഹികൾ പദവിയൊഴിയണമെന്ന് കോൺഗ്രസ് മാർഗരേഖയിറക്കി.
സംസ്ഥാന, ദേശീയ തലത്തിലുള്ള ഭാരവാഹികൾ മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടിയോ ശശി തരൂരിനു വേണ്ടിയോ പ്രചാരണം നടത്തരുത്. അങ്ങനെ ചെയ്യണമെങ്കിൽ അവർ ഭാരവാഹിത്വം ഒഴിയണം. മധുസൂദൻ മിസ്ത്രി അധ്യക്ഷനായ തിരഞ്ഞെടുപ്പ് അധികാരസമിതിയാണ് ഒക്ടോബർ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിനായി മാർഗരേഖയിറക്കിയത്.
സംസ്ഥാനങ്ങളിൽ പ്രചാരണത്തിനെത്തുന്ന സ്ഥാനാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ അവിടുത്തെ കോൺഗ്രസ് അധ്യക്ഷന് ചെയ്തുനൽകാം. എന്നാൽ, സ്ഥാനാർഥികൾക്കായി പി.സി.സി. അധ്യക്ഷൻ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. സ്ഥാനാർഥിയെ നിർദേശിച്ചവരും പിന്തുണച്ചവരുമാണ് അത് ചെയ്യേണ്ടത്. ഏതെങ്കിലും സ്ഥാനാർഥിക്കെതിരേ മോശമായ പ്രചാരണങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മാർഗരേഖയിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല