![](https://www.nrimalayalee.com/wp-content/uploads/2021/11/Congress-Protest-Joju-George.jpg)
സ്വന്തം ലേഖകൻ: കോൺഗ്രസ് റോഡ് ഉപരോധത്തിൽ ഉണ്ടായ സംഘര്‍ഷത്തില്‍ നടൻ ജോജു ജോർജിനെതിരെ ആക്രമണം നടത്തിയവരില്‍ ചിലരെ താരം തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മീഷണര്‍. തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. ജോജുവിന്‍റെ വാഹനം തകർത്തതിന് കേസ് എടുത്തിട്ടുണ്ട്. പ്രതികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും അറസ്റ്റു ചെയ്യുകയെന്നും കാറ് തകര്‍ക്കുന്ന ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു.
നേരത്തെ പ്രതികളെ തിരിച്ചറിയാന്‍ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് ജോജുവിന് അയച്ചുകൊടുത്തിരുന്നു. ജോജുവിനെ ആക്രമിച്ചെന്നു കാട്ടി ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെയും പ്രവർത്തകർക്കെതിരെയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസില്‍ കൂടുതൽ പേരെ പ്രതി ചേർത്തേക്കും. പ്രതികൾ എത്ര ഉന്നതരായാലും അറസ്റ്റ് നടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
അതെ സമയം ജോജുവിനെതിരായ മഹിള കോൺഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഇതുവരെ വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അതിനിടെ കോൺഗ്രസ് പ്രവർത്തകരുടെ റോഡ് ഉപരോധ സമരത്തിനെതിരായ പ്രതിഷേധവും തുടർന്നുണ്ടായ സംഭവവികാസങ്ങൾക്കുമിടയിൽ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ഉപേക്ഷിച്ച് നടൻ ജോജു ജോർജ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് താരം വേണ്ടെന്നുവെച്ചത്. രാവിലെ മുതൽ അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ അപ്രത്യക്ഷമായിരുന്നു.
ജോജുവിന്റെ സമൂഹമാദ്ധ്യമം കൈകാര്യം ചെയ്യുന്ന ഏജൻസിയാണ് താരം അക്കൗണ്ടുകൾ ഉപേക്ഷിച്ച വിവരം അറിയിച്ചത്. തന്നെ സ്‌നേഹിക്കുന്ന ആരാധകരുടെ മനസ്സിൽ ഒരു സ്ഥാനമുണ്ടെന്ന് വ്യക്തമായി. സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു. ഇന്നലെയുണ്ടായ സംഭവത്തിൽ താരത്തിന്റെ കൂടുതൽ പ്രതികരണങ്ങൾ ആരാഞ്ഞ സമൂഹമാദ്ധ്യമ ഉപയോക്താക്കളാണ് അക്കൗണ്ടുകൾ അപ്രത്യക്ഷമായതായി കണ്ടത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വ്യാപകമായി ഉയർന്നതോടെ അൽപ്പ നേരത്തിന് ശേഷം മറുപടിയുമായി കമ്പനി രംഗത്തുവരികയായിരുന്നു.
അതേസമയം നിലവിൽ സമൂഹമാദ്ധ്യമങ്ങളിലെ വാദ പ്രതിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ് സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഉപേക്ഷിച്ചതോടെ ജോജു ജോർജ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. പ്രതിഷേധിച്ച് രംഗത്ത് വന്നതിൽ രാഷ്‌ട്രീയമില്ലെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാധാരണക്കാരുടെ വിഷയം ആയതുകൊണ്ടാണ് പ്രതികരിച്ചത്. വലിയ സംഭവമാക്കരുതെന്നും താരം പ്രതികരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല